യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്. മരിച്ച 35കാരിയുടെ ഭർത്താവിനെ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമാസം മുൻപ് സുഹൈൽ അൻസാരിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതും സുഹൈൽ അൻസാരിയായിരുന്നു. ആത്മഹത്യാക്കുറിപ്പിലുള്പ്പെടെ തനിക്ക് സംശയമുണ്ടെന്ന് അന്നുതന്നെ അന്‍സാരി പൊലീസിനോട് സൂചിപ്പിച്ചിരുന്നുവെന്നാണ് വിവരം.
Also read: 'സാറെ സഹായിക്കണം, പിടിച്ചുപറിയാണ്'; ആരെയും അറിയിക്കാതെ കോട്ടയത്തേക്ക് സാംബശിവ റാവുവിന്റെ യാത്ര
യുവതിക്ക് മരിക്കുന്നതിന് മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. യുവതിയുടെ മകന്റെ ഭാഗത്തുനിന്നുള്‍പ്പെടെ അത്തരത്തിലൊരു മൊഴി ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. യുവതിയുടെ മരണസമയത്ത് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കുറിപ്പില്‍ സഹപ്രവര്‍ത്തകനായിരുന്ന സുഹൈലിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഉണ്ടായിരുന്നത്.
Also read: പഴയവാടക വീട്ടില്‍ നിന്നും ഇറങ്ങി പിണറായി; പുതിയ വീട് ഇടപ്പഴിഞ്ഞിയില്‍
ഒരു സ്വകാര്യ സ്കൂളിൽ സുഹൈൽ അൻസാരിയുടെ സഹപ്രവർത്തകയായിരുന്നു മരിച്ച യുവതി. സുഹൈലിന്റെ ഉപദ്രവത്തെ തുടർന്ന് ജീവനൊടുക്കുന്നു എന്ന ആത്മഹത്യ കുറിപ്പാണ് പൊലീസ് കണ്ടെത്തിയിരുന്നത്. ഇത് അനിൽകുമാർ മർദ്ദിച്ച് എഴുതിച്ചതാണ് എന്നാണ് കരുതുന്നത്. സുഹൈലുമായി ഭാര്യയ്ക്ക് അടുപ്പം ഉണ്ട് എന്നായിരുന്നു ഭർത്താവിന്റെ സംശയം . അറസ്റ്റിലായ അനിൽകുമാറിനെ നാളെ കൊല്ലം കോടതിയിൽ ഹാജരാക്കും.