ഗുണ്ടാ ബന്ധത്തിൽ അടൂർ എസ്ഐ ജെ.യു ജിനുവിന് സസ്‌പെൻഷൻ. കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് നടപടി. സ്ഥലത്ത് മഫ്തിയിൽ എത്തിയതിനിടെ നാട്ടുകാർ പൊലീസിനെ ആക്രമിക്കുന്ന സംഭവം ഉണ്ടായിരുന്നു. പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്.
Also Read: വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല; ആന്റോയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു
ഇത് രണ്ടാം തവണയാണ് എസ്ഐ ജിനു സസ്പെൻഷൻ നടപടി നേരിടുന്നത്. പത്തനംതിട്ടയിൽ മുമ്പ് വിവാഹ സംഘത്തെ അകാരണമായി മർദിച്ചതിൽ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐ ജിനു കരുനാഗപ്പള്ളിയിലെ പ്രതിയെ പിടികൂടാനാണ് വധശ്രമക്കേസ് പ്രതി ശരത്തിനേയും കൂട്ടിപ്പോയത്. അടൂർ എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആയിരുന്നു അറസ്റ്റിനുള്ള ശ്രമം. തിരുവനന്തപുരം റെയിഞ്ച് ഡി ഐ ജി ആണ് ജിനുവിനെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിന്റെ വിഡിയോ അടക്കം പുറത്തുവന്നതോടെയാണ് എസ്ഐയുടെ നീക്കം പുറത്തുവന്നത്. ശക്തമായ വകുപ്പുതല നടപടിയും ഉണ്ടാവുമെന്നാണ് ആഭ്യന്തര വകുപ്പില്‍ നിന്നുള്ള സൂചന.