വയനാട് വാഴവറ്റയിലെ വീട്ടിൽ വെച്ച് നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിനായി ആന്റോ അഗസ്റ്റിൻ സി.സി.ടി.വി ദൃശ്യങ്ങൾ ബോധപൂർവ്വം നശിപ്പിച്ചതായി എക്സൈസ്. വീടിന് ചുറ്റും സ്ഥാപിച്ചിരുന്ന 22 സി.സി.ടി.വി ക്യാമറകളിലെയും ദൃശ്യങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞ നിലയിലാണ്. തെളിവെടുപ്പിന്റെ ഭാഗമായി ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഡി.വി.ആർ സ്റ്റോറേജ് ഉപകരണം എടുത്തുമാറ്റിയതായി കണ്ടെത്തിയത്. കേസിൽ നിർണ്ണായക തെളിവാകുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
33 മുറികളുള്ള വാഴവറ്റയിലെ വിശാലമായ ഈ വീടുമായും സ്ഥലവുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. എന്നാൽ പ്രതിയുടെ വാദങ്ങളെ തള്ളിക്കളയുന്ന സുപ്രധാന രേഖകൾ എക്സൈസ് പിടിച്ചെടുത്തു.
ഈ വീടിന്റെ കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണ് നിൽക്കുന്നതെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒടുവിലത്തെ വൈദ്യുതി ബില്ല അടച്ചതും ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന് വ്യക്തമായതോടെ വീടുമായുള്ള ഇയാളുടെ നേരിട്ടുള്ള ബന്ധം ഔദ്യോഗികമായി തെളിഞ്ഞിരിക്കുകയാണ്.
സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിൽ വീട്ടിലെ മുൻകാല സന്ദർശകരെക്കുറിച്ചും മദ്യശേഖരത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ എക്സൈസിന് ലഭ്യമാകുമായിരുന്നു. തെളിവ് നശിപ്പിക്കൽ വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് എക്സൈസ്. കോടതിയിൽ നിന്നും പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രതിരോധിക്കാൻ കെ.എസ്.ഇ.ബി രേഖകൾ എക്സൈസ് ഹാജരാക്കും. എക്സൈസ് സംഘം ഡി.വി.ആർ സ്റ്റോറേജ് കണ്ടെത്താനും സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാനുമുള്ള കൂടുതൽ ഫോറൻസിക് അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്.