upper-kuttanad-flood-3
  • തിരുവല്ലയിൽ മാത്രം 85 ദുരിതാശ്വാസ ക്യാംപുകളിലായി ആറായിരത്തോളം പേരാണ് ഉള്ളത്. അപ്പർ കുട്ടനാട്ടിലെ ചില ദുരിതാശ്വാസ ക്യാംപകൾ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയിലുമാണ്.

തിരുവല്ലയും അപ്പർ കുട്ടനാട് മേഖലയും നാലാം ദിനവും വെള്ളത്തിൽ തന്നെ. ജല നിരപ്പ് താഴാത്തതിനാൽ വീടിന്റെ മുകളിലെ നിലയിൽ സുരക്ഷിതമായി ഇരുന്നവർ കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ഒറ്റപ്പെട്ട അവസ്ഥയാണ്. തിരുവല്ലയിൽ മാത്രം 85 ദുരിതാശ്വാസ ക്യാംപുകളിലായി ആറായിരത്തോളം പേരാണ് ഉള്ളത്. അപ്പർ കുട്ടനാട്ടിലെ ചില ദുരിതാശ്വാസ ക്യാംപകൾ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. എംസി റോഡിലും തിരുവല്ല മാവേലിക്കര റോഡിലും അമ്പലപ്പുഴ റോഡിലും ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളക്കെട്ട് തുടരുകയാണ്.

നാലുദിവസമായി പ്രളയത്തിൽപ്പെട്ടിരുന്ന  ആറന്മുളയിൽ നിന്ന് വെള്ളം ഇറങ്ങി. വെള്ളമൊഴുകി പോകാൻ ഇടമില്ലാത്ത താഴ്ന്ന ഇടങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് ഉള്ളത്. വെള്ളം ഇറങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് തിരിച്ചെത്തി ശുചീകരണം തുടങ്ങി. ആറന്മുളയിൽ വയലിനോട് ചേർന്ന ചില പ്രദേശങ്ങളിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത് .   റാന്നിയിലെ വെള്ളക്കെട്ട് പൂർണമായി ഒഴിഞ്ഞു. ചെങ്ങന്നൂർ പാണ്ടനാട് മേഖലയിൽ പമ്പ കര കവിഞ്ഞ് വീടുകളിലേക്ക് കയറിയ വെള്ളം നേരിയ തോതിൽ ഇറങ്ങിത്തുടങ്ങി. പാണ്ടനാട്, പ്രയാർ, മിത്രമഠം മേഖലയിലാണ് കൂടുതൽ പ്രതിസന്ധി.   പാണ്ടനാട്  മാത്രം മുപ്പതിലേറെ കുടുംബങ്ങൾ താമസം മാറേണ്ടിവന്നു. 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. ഒന്‍പതു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം , കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെലോ അലര്‍ട്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴതുടരും. കടല്‍ പ്രക്ഷുബ്ധമാണ്. കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. Also Read: മീനച്ചിലാർ കരകവിഞ്ഞു; കോട്ടയത്ത് ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി; 6,416 പേര്‍ ക്യാംപുകളില്‍

തെക്കന്‍ കര്‍ണാടകത്തിനു മുകളിലും ആന്ധ്രതീരത്തുമായി രണ്ടു ചക്രവാത ചുഴികള്‍ നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍കാരണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 25 പേര്‍ മരിച്ചു. നാലുപേരെ കാണാതായിട്ടുണ്ട്. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരാണുള്ളത്.

ENGLISH SUMMARY:

Thiruvalla and the Upper Kuttanad region remain inundated for the fourth consecutive day as floodwaters continue to recede slowly. With water levels showing little improvement, many residents who have taken shelter on the upper floors of their homes remain stranded without drinking water or electricity. In Thiruvalla alone, nearly 6,000 people are staying in 85 relief camps. Some relief camps in the Upper Kuttanad region have themselves become isolated after being surrounded by floodwaters.