pathanamthitta-mooppan

TOPICS COVERED

  • പത്തനംതിട്ട കൊക്കാത്തോട്ടിലെ കാട്ടാത്തി ഊരുമൂപ്പന്‍ മോഹന്‍ദാസിനെയാണ് ഒരു മാസത്തെ തെരച്ചിലിനൊടുവിൽ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒത്തുതീര്‍പ്പായ കേസില്‍ സമന്‍സ് വന്നതോടെ വനത്തിനുള്ളിലേക്ക് പോയ ആദിവാസി മൂപ്പനെ ഉൾവനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസിന്റെ സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരുമാസം മുൻപാണ് മൂപ്പൻ ഉൾവനത്തിലേക്ക് കയറിപ്പോയത്. 

ഒരു മാസം മുൻപാണ് പത്തനംതിട്ട കൊക്കാത്തോട്ടിലെ മോഹന്‍ദാസ് എന്ന 70വയസുള്ള ഊരുമൂപ്പന്‍ വനത്തിലേക്ക് പോയത്. 2023ല്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പായിരുന്നു. തൊഴില്‍തര്‍ക്കത്തിലെ വാക്കേറ്റത്തില്‍ ഇടപെട്ടതായിരുന്നു പ്രശ്നം. കോന്നി പൊലീസ് അന്ന് കേസ് തീര്‍ക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മൂന്നു വര്‍ഷത്തിന് ശേഷം ഈ കേസില്‍ കോടതിയില്‍ നിന്ന് സമന്‍സ് വന്നതോടെയാണ് വനത്തിലേക്ക് പോയത്. ആദ്യ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയെങ്കിലും മോഹൻദാസിനെ കണ്ടെത്താൻ ആയിരുന്നില്ല. ഇന്നത്തെ പരിശോധനയിൽ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്  ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.

ആദിവാസി മലമ്പണ്ടാര വിഭാഗത്തിന്‍റെ കാട്ടാത്തി ഊരിലെ മൂപ്പനാണ് മോഹന്‍ദാസ്. നേരത്തെ ഡ്രോണും കഡാവർ നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വനത്തെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാൽ സുരക്ഷിതനായിരിക്കും എന്നായിരുന്നു കുടുംബത്തിന്‍റെ പ്രതീക്ഷ.

ENGLISH SUMMARY:

A seventy-year-old tribal chieftain named Mohandas from the Kokkathode forest area in Pathanamthitta has been found dead after being missing for a month. He had ventured deep into the jungle following the unexpected arrival of a court summons related to a settled dispute from 2023. Relatives had earlier alleged that local police accepted a bribe of five thousand rupees when the initial labor dispute was resolved. Despite extensive joint search operations utilizing drones and cadaver dogs over the past weeks, his decomposed body was ultimately discovered hanging from a tree in the interior forest.