pathanamthittajail

TOPICS COVERED

പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജയിലെന്ന ശുപാര്‍ശകേട്ട് പത്തനംതിട്ടക്കാര്‍ക്ക് ചിരിയാണ്. ഉള്ള സബ് ജെയില്‍ പൊളിച്ച് എട്ടു വര്‍ഷം കഴിഞ്ഞിട്ടും പണി തീര്‍ന്നിട്ടില്ല.ആരെയെങ്കിലും റിമാന്‍ഡ് ചെയ്താല്‍ കൊട്ടാരക്കര സബ് ജെയിലിലോ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലോ കൊണ്ടുപോകേണ്ട സാഹചര്യമാണ്.

പത്തനംതിട്ട ജില്ലാ ജയില്‍ പൊളിച്ചിട്ട് എട്ട് വര്‍ഷമായി. ഇതുവരെ പണി തീര്‍ന്നിട്ടില്ല. പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചപ്പോൾ 2018 ഓഗസ്റ്റിൽ ഇവിടെ നിന്നും തടവുകാരെ സമീപ ജില്ലകളിലെ ജയിലുകളിലേക്കു മാറ്റി. 2019 മാര്‍ച്ചിലാണ് തറക്കല്ലിട്ടത്. 400 റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യത്തോടെയുള്ള മൂന്ന് നില കെട്ടിടമാണ് പദ്ധതി.നിലവിൽ രണ്ടാം നിലയുടെ കാൽഭാഗം വരെയാണ് നിർമിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തിലെ പണികൾക്കു 12കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഫണ്ട് അനുവദിക്കണം.സർക്കാരിന്‍റെ അനുമതിക്കായി ജയിൽ വകുപ്പ് എസ്റ്റിമേറ്റ് കൈമാറി. മൂന്നാം ഘട്ടത്തിൽ രണ്ടാം നിലയുടെ പകുതി ഭാഗം, മൂന്നാം  നില,മതിലുകൾ , ഡ്രെയിനേജ്, സിസിടിവി കാമറകൾ തുടങ്ങിയവയുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്ന പത്തനംതിട്ടയിലെ സബ്ജയിലിനെ ജില്ലാ ജയിലാക്കാനുള്ള തീരുമാനത്തിനു പിന്നാലെയാണ് പുതിയ കെട്ടിട നിർമാണം തുടങ്ങിയത്. 2024ലാണ് ആദ്യഘട്ടം പണി കഴിഞ്ഞത്. 2025ൽ രണ്ടാംഘട്ടം നിർമാണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ കരാർ കാലാവധി അവസാനിച്ചെങ്കിലും നവംബർ വരെ കാലയളവ് നീട്ടി നൽകി.കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് പണി പലവട്ടം മുടങ്ങിയത്.

280 തടവുകാരെ പാർപ്പിക്കാനാണ് തല്‍ക്കാലം ലക്ഷ്യം.നിലവില്‍ റിമാന്‍ഡ് പ്രതികളെ കൊട്ടാരക്കര,മാവേലിക്കര,

തിരുവനന്തപുരം ജയിലുകളിലേക്കാണ് കൊണ്ടു പോകുന്നത്.പ്രതികളുമായി മണിക്കൂറുകൾ യാത്ര ചെയ്യേണ്ടി വരുന്നത് പൊലീസ് ഉദ്യോഗസ്ഥരെയും ദുരിതത്തിലാക്കുന്നു. ജില്ലാ ജയില്‍ തീര്‍ത്തിട്ടുപോരെ സെന്‍ട്രല്‍ ജയില്‍ എന്നാണ് ചോദ്യം.