പത്തനംതിട്ട പന്തളം കുരമ്പാലയിൽ ദുരിതജീവിതം നയിക്കുന്ന ഭിന്നശേഷിക്കാരിയായ ആറുവയസുകാരിയുടെയും കുടുംബത്തിന്റെയും അവസ്ഥ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നു. ജീവിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത തകർന്ന ഷെഡിലാണ് കുടുംബം കഴിയുന്നത്. 70 ശതമാനം വൈകല്യമുള്ള ആറുവയസുകാരി സാന്ദ്രയ്ക്ക് നടക്കാൻ കഴിയില്ല. അമ്മ അശ്വതിയും അമ്മൂമ്മയും ചേർന്നാണ് കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത്. കാടുപിടിച്ച വഴിയിലൂടെ മാത്രമേ വീട്ടിലെത്താനാകൂ. പാമ്പുകളും കാട്ടുപന്നികളും സ്ഥിരമായി എത്തുന്ന പ്രദേശത്താണ് കുടുംബത്തിന്റെ താമസം.

പ്ലാസ്റ്റിക് ഷീറ്റ് മൂടിയ താൽക്കാലിക ഷെഡിൽ കഴിയുന്ന കുടുംബത്തിന് സുരക്ഷിതമായ കിടക്കയോ വൈദ്യുതിയോ ശുദ്ധജലമോ ഇല്ല. മഴക്കാലത്ത് വീടിനുള്ളിലേക്ക് വെള്ളം കയറുകയും പാമ്പുകൾ പതിവായി എത്തുകയും ചെയ്യുന്നുവെന്നാണ് കുടുംബം പറയുന്നത്. സാന്ദ്രയുടെ അമ്മയ്ക്ക് ഇതിനകം രണ്ട് തവണ പാമ്പുകടിയേറ്റിട്ടുണ്ട്.

ജന്മനാ വൈകല്യമുള്ള സാന്ദ്രയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും കുടുംബത്തിനില്ല. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചെന്നും അയൽവാസികളുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും അമ്മ പറയുന്നു.

വെള്ളം കയറാത്ത സ്ഥലത്ത് നാല് സെന്റ് ഭൂമിയും ചെറിയൊരു വീടുമാണ് കുടുംബത്തിന്റെ ഏക സ്വപ്നം. സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ അടക്കം ആവശ്യം.

Disabled Child's Plight Shocks Kerala:

Pathanamthitta family's plight highlights the severe challenges faced by a disabled six-year-old girl and her family living in extreme poverty. The distressing situation of the family, lacking basic amenities and residing in a dilapidated shed, has deeply shocked the public conscience.