• പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ വെച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ ടെമ്പോ വാനുമായി കൂട്ടിയിടിച്ചു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന് നിസാര പരുക്കേറ്റു. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

അപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിനാണ് പരുക്കേറ്റത്. ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന എൻ.എസ്.എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. സുകുമാരൻ നായരുടെ മൂക്കിന് നേരിയ തോതിൽ രക്തസ്രാവമുണ്ടായെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

നേരത്തെ വീണ് തുടയെല്ലിന് പരുക്കേറ്റ് ദീർഘനാൾ വിശ്രമത്തിലായിരുന്ന അദ്ദേഹം അടുത്തകാലത്താണ് സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്. അപകടം നടന്ന എം.സി റോഡിലെ കുരമ്പാല അമൃത സ്കൂൾ ജംഗ്ഷൻ നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.  കാറുമായി കൂട്ടിയിടിച്ച ടെമ്പോ വാനിലുണ്ടായിരുന്നവർക്കും പരുക്കുകളില്ല. 

ENGLISH SUMMARY:

NSS General Secretary G. Sukumaran Nair sustained minor injuries after the car he was traveling in collided with a tempo van on the MC Road at Kurampala near Pantalam. The accident occurred on Friday at the Amrita School Junction while he was returning to Changanassery after attending a function. He suffered a minor injury to his nose and was immediately rushed to the Pantalam NSS Medical Mission Hospital by local organization workers. Doctors confirmed that his injuries were not serious, and he returned home after receiving primary medical treatment.