• റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളി; പ്രതി റിമാൻഡിൽ തുടരും.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ പ്രതി റിമാൻഡിൽ തുടരും. അറസ്റ്റ് നടപടികളിൽ വീഴ്ചയില്ലെന്നും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

ആന്റോ അഗസ്റ്റിനായി എറണാകുളത്തുനിന്നും കൽപറ്റയിൽനിന്നുമുള്ള അഭിഭാഷകസംഘമാണ് ഹാജരായത്. അറസ്റ്റിനു തൊട്ടുപിന്നാലെ കോടതിയിൽ ഹാജരാക്കിയപ്പോൾത്തന്നെ ജാമ്യാപേക്ഷ കൂടി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് അഥീന ബൈജു വാദം കേൾക്കാൻ അനുമതി നൽകി. അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കെട്ടിടവും ആന്റോ അഗസ്റ്റിനും തമ്മിൽ ബന്ധമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2020ൽ കോടതി നടപടികളുടെ ഭാഗമായി കെട്ടിടം ഡൽഹി സ്വദേശിയുടെ പേരിലേക്കു മാറ്റിയിട്ടുണ്ടെന്നും വാദിച്ചു.

എന്നാൽ, പ്രഥമദൃഷ്ട്യാ മദ്യവും ആന്റോ അഗസ്റ്റിനും തമ്മിൽ ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2025ൽ ഈ കെട്ടിടത്തിന് ആന്റോ നികുതി അടച്ചതിന്റെ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. തുടർന്നാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചത്.

ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് കോടതി ചേർന്ന് ഒറ്റവരിയിലാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവായത്. തൊട്ടുപിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ആന്റോ അഗസ്റ്റിനെ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറന്റും പുറപ്പെടുവിച്ചു. അതിനിടെ, ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കാൻ പ്രതിഭാഗം നീക്കം.

ENGLISH SUMMARY:

The Sulthan Bathery Magistrate Court has rejected the bail application of Reporter Broadcasting Company MD Anto Augustine in connection with the illegal liquor case. The court observed that there were no procedural lapses in the arrest and highlighted the accused's criminal background while acknowledging prosecution concerns regarding potential investigation tampering.