വിവരാവകാശത്തിന് മറുപടി കൊടുക്കാത്തത് എന്തുകൊണ്ടെന്ന് പിഎസ്സിയോട് ഹൈക്കോടതി. വൃത്തികേട് നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാനാണോ ഇതെന്ന് കോടതി ചോദിച്ചു. പിഎസ്സിയുടെ വിശദീകരണം ദഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പിഎസ്്സിക്ക് സവിശേഷ പരിരക്ഷയൊന്നുമില്ലെന്നും അന്വേഷണത്തിന് വിധേയമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. പരീക്ഷ ക്രമക്കേടിലെ കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി വിധിപറയാന്‍ മാറ്റി.
അതേസമയം, പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക ചോദ്യം ചെയ്യലുകളിലേക്ക് കടന്ന് അന്വേഷണസംഘം. ചെയര്മാന് എം.ആര്.ബൈജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സെക്രട്ടറി സാജു ജോര്‍ജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. നാളെ മുതല്‍ പരീക്ഷാ കണ്ട്രോളറുടെയും 11 പിഎസ്സി അംഗങ്ങളുടെയും ചോദ്യം ചെയ്യല്‍ തുടങ്ങും. ഇതോടെ പരീക്ഷാ തട്ടിപ്പിന് ഇടപെട്ടത് ആരൊക്കെയെന്നതിലും ചെയര്മാന് എം.ആര്.ബൈജുവിനെ പ്രതിയാക്കുന്നതിലും വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
മുന്‍ ചെയര്മാന് എം.കെ.സക്കീര്‍ പ്രതിയാകാന്‍ സാധ്യതയുള്ള കേസുകളിലും ചോദ്യം ചെയ്യല്‍ ഉടന്‍ തുടങ്ങും. അതിനിടെ 2025ല്‍ നടന്ന ഡിവൈഎസ്പി സ്പെഷല്‍ റിക്രൂട്ട്മെന്റ് പരീക്ഷയിലും തട്ടിപ്പെന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി ലഭിച്ചു. മഹാരാജാസ് കോളജിലെ മുന്‍ എസ്എഫ്ഐ നേതാവ് കെ.ജെ.ജിതിനാണ് പരീക്ഷയില്‍ ഒന്നാം റാങ്കിലൂടെ നിയമനം കിട്ടിയത്. നേരത്തെ ബറ്റാലിയന് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ പോലും വരാത്ത ജിതിനാണ് ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത്. ചെയര്മാന് എം.ആര്.ബൈജു നേരിട്ട് പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ അധികമാര്‍ക്ക് നല്കി ഒന്നാം റാങ്ക് നല്‍കിയെന്നും ജിതിനെതിരെയുള്ള കേസുകള്‍ മറച്ചുവെച്ച് നിയമന ശുപാര്‍ശ നല്‍കിയെന്നുമാണ് പരാതി. ഈ പരാതിയും എസ്ഐടിക്ക് കൈമാറിയേക്കും.