ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ നിയമിച്ചു. വൈദ്യുതി വാങ്ങൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് കെഎസ്ഇബി തലപ്പത്തെ മാറ്റം. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകളിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്. Also Read: ജയിലിൽ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ വിദേശജോലി! തച്ചങ്കരിയെ വിമർശിച്ച് ഹൈക്കോടതി
കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മിൻഹാജ് ആലമിനെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി. നികുതി വകുപ്പ്, പബ്ലിക് പ്രൊക്യുർമെന്റ് അഡ്വൈസറി വകുപ്പ് എന്നിവയുടെ അധിക ചുമതലയും മിൻഹാജ് ആലമിനാണ്.
പുനീത് കുമാറിനെ വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പിലും നിർണായക മാറ്റമുണ്ട്. മുഹമ്മദ് ഹനീഷിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ഷർമിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രി നിലപാട് സ്വീകരിച്ചിരുന്നതിന് പിന്നാലെയാണ് ഷർമിള മേരി ജോസഫിന്റെ സ്ഥലംമാറ്റം എന്നതും ശ്രദ്ധേയമാണ്.
തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന എം.ജി. രാജമാണിക്യത്തെ അതേ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചു. ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറിയായി ടി.വി. അനുപമയെ നിയമിച്ചു. ധനകാര്യ വകുപ്പിൽ നിന്നുള്ള മാറ്റങ്ങൾക്കൊപ്പം നികുതി വകുപ്പിലും പുനഃസംഘടനയുണ്ട്. ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറായിരുന്ന പി.ബി. നൂഹിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി മാറ്റി. ജാഫർ മാലിക്കാണ് പുതിയ ജിഎസ്ടി കമ്മിഷണർ.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി സുഭാഷ് ടി.വിയെ നിയമിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. എം. ബീന ചുമതലയേൽക്കും. കൃഷി വകുപ്പ് സെക്രട്ടറിയായി ഡോ. വീണ എൻ. മാധവനെയും നിയമിച്ചു. ടൂറിസം ഡയറക്ടറായി അനു കുമാരിയെ നിയമിച്ചു.
സുഹാസ് എസ്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ശ്രീറാം സാംബശിവ റാവുവിന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ ചുമതല നൽകി. അഫ്സാന പർവീണിനെ മിൽമ മാനേജിങ് ഡയറക്ടറായും ആസിഫ് കെ. യൂസഫിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.