• യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് കേരള സർവകലാശാല ആസ്ഥാനത്തെ കെട്ടിടത്തിന് മുകളിൽ കയറി കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം.

കേരള സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ സർവകലാശാല അധികൃതർ എസ്.എഫ്.ഐ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകരുടെ കടുത്ത പ്രതിഷേധം. 

തിരുവനന്തപുരത്തെ സർവകലാശാല ആസ്ഥാനത്തെ കെട്ടിടത്തിന് മുകളിൽ കയറിയാണ് വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സർവകലാശാല രജിസ്ട്രാർ നേരിട്ടെത്തി പ്രശ്നപരിഹാരം കാണാതെ താഴെയിറങ്ങില്ലെന്നും നിർബന്ധിച്ച് ഇറക്കാൻ ശ്രമിച്ചാൽ താഴേക്ക് ചാടുമെന്നും മുന്നറിയിപ്പ് നൽകിയതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

തിരഞ്ഞെടുപ്പ് നടപടികളിൽ അധികൃതരുടെ ഭാഗത്തുനിന്നും ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കെ.എസ്.യു പ്രവർത്തകർ രജിസ്ട്രാറെ ഉപരോധിച്ചിരുന്നു. തുടർന്ന് സർവകലാശാല വൈസ് ചാൻസലറെയും രജിസ്ട്രാറെയും കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് ഇന്ന് രാവിലെ പ്രവർത്തകർ കെട്ടിടത്തിന് മുകളിലേക്ക് കയറി ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധം ആരംഭിച്ചത്. സർവകലാശാല അധികൃതർ പൂർണ്ണമായും ഭരണാനുകൂല സംഘടനയ്ക്ക് വഴിപ്പെടുകയാണെന്നാണ് കെ.എസ്.യു നേതാക്കൾ ആരോപിക്കുന്നത്.

സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തി സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിൽ നിന്നുള്ള ചാട്ടം തടയാൻ ഫയർഫോഴ്സ് താഴെ സുരക്ഷാ വലകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി. വിദ്യാർത്ഥികളെ സംസാരിച്ച് താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങൾ തുടരുകയാണെങ്കിലും രജിസ്ട്രാർ സ്ഥലത്തെത്താതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കെ.എസ്.യു പ്രവർത്തകർ. 

ENGLISH SUMMARY:

KSU activists staged a dramatic protest at the Kerala University headquarters in Thiruvananthapuram, alleging that university authorities are showing bias toward the SFI in college union elections. A group of protesters, including women, climbed atop the university building and threatened to jump if their grievances were not addressed. The activists demanded the immediate intervention of the Registrar, refusing to descend until an official resolution was assured. Police and fire force personnel have deployed safety nets and initiated negotiations to safely bring the protesting students down.