• സർക്കാർ ഇല്ലാത്ത കേസുകൾ ഉണ്ടാക്കി മാധ്യമങ്ങളെ വേട്ടയാടുകയാണെന്നും റിപ്പോർട്ടർ ചാനലിനെതിരെയുള്ള നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആവശ്യപ്പെട്ടു.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നടത്തുന്ന പരിശോധനകളെയും നടപടികളെയും രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സർക്കാർ ഇല്ലാത്ത കേസുണ്ടാക്കി മാധ്യമങ്ങളെ വേട്ടയാടുകയാണെന്ന് ആരോപിച്ച തോമസ് ഐസക്, റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന് പിന്തുണ പ്രഖ്യാപിച്ചു.

അർജന്റീന ഫുട്ബോൾ ടീമിന്റെ വരവുമായി ബന്ധപ്പെട്ട് വ്യാജ സപ്ലൈ ആരോപിച്ചാണ് അന്വേഷണമെന്നും, അർജന്റീന ഫുട്ബോൾ ക്ലബ് തന്നെ നിലവിൽ സപ്ലൈ ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ജി.എസ്.ടി നികുതി ഈടാക്കുന്നതെന്നും അന്വേഷണം തുടരുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു.

വില്പനയോ സേവനമോ (സപ്ലൈ) നടക്കാത്തിടത്തോളം കാലം നികുതി ചുമത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാണിച്ചു. പഴയ വാറ്റ് (VAT) സമ്പ്രദായത്തിൽ നികുതി ഉദ്യോഗസ്ഥർക്ക് സ്വന്തം മനോധർമ്മത്തിനനുസരിച്ച് കേസ് എടുക്കാൻ വിപുലമായ അധികാരങ്ങൾ ഉണ്ടായിരുന്നുവെന്നും, അത്തരം ഉദ്യോഗസ്ഥ പീഡനങ്ങൾ ഒഴിവാക്കാനാണ് ജി.എസ്.ടി വ്യവസ്ഥ നടപ്പിലാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

തട്ടിപ്പ് നടത്താൻ വ്യാജ രേഖകളോ ഇൻവോയ്സുകളോ സമർപ്പിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർക്ക് വിവേചനാധികാരം ഉപയോഗിച്ച് നടപടിയെടുക്കാൻ സാധിക്കൂ. കൂടാതെ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്പെയിനിൽ പോയതിൽ എന്താണ് തെറ്റെന്നും തോമസ് ഐസക് ചോദിച്ചു.

റിപ്പോർട്ടർ ചാനലിനെതിരെയുള്ള വേട്ടയാടൽ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അന്വേഷണത്തിന്റെ പേരിൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ENGLISH SUMMARY:

Former Kerala Finance Minister Dr. T.M. Thomas Isaac has strongly criticized the government and tax authorities over their actions against Reporter Broadcasting Company and its owner, Anto Augustine. He accused the administration of manufacturing non-existent cases to target media houses, asserting that no GST can be levied when no actual sale or service supply has taken place. Highlighting the fundamental principles of the GST regime, Isaac noted that officials cannot exercise arbitrary power unless fraudulent invoices or documents are submitted.