വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ച സംഭവത്തെ തുടർന്ന് വിവാദത്തിലായ ഓമല്ലൂരിലെ സ്നേഹത്തണൽ വൃദ്ധസദനത്തിൽ നിന്ന്  ഒരു അമ്മയെയും കുഞ്ഞിനെയും കണ്ടെത്താനുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി). ഇവരെ സ്ഥാപന ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വീട്ടിലേയ്ക്ക് മാറ്റിയിരിക്കാമെന്നാണ് സി.ഡബ്ല്യു.സിയുടെ സംശയം.

പാസ്റ്റർ ബിനു വാഴമുട്ടം നടത്തുന്ന സ്നേഹത്തണൽ വൃദ്ധസദനത്തിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ച സംഭവം പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു അമ്മയെയും കുഞ്ഞിനെയും സി.ഡബ്ല്യു.സി രക്ഷപ്പെടുത്തിയിരുന്നു. ഇവർ കടുത്ത ദുരിത സാഹചര്യത്തിലായിരുന്നുവെന്നും ആവശ്യമായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.

സ്ഥാപനത്തിൽ നിന്ന് മറ്റൊരു അമ്മയും കുഞ്ഞും കൂടി കണ്ടെത്താനുണ്ടെന്നാണ് സി.ഡബ്ല്യു.സി വ്യക്തമാക്കുന്നത്. ഇവരെ സ്ഥാപനത്തിൽ നിന്ന് മാറ്റിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ, സ്ഥാപനത്തിൽ താമസിച്ചിരുന്ന മുൻ അന്തേവാസികളിൽ ഒരാൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നതെന്നും പട്ടിണി സഹിക്കാനാകാതെ സ്ഥാപനത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കൈവിരൽ മുറിഞ്ഞതിനെ തുടർന്ന് സംരക്ഷണം വാഗ്ദാനം ചെയ്ത് പാസ്റ്റർ ബിനു വാഴമുട്ടം ഏറ്റെടുത്തതായും ഇതിനായി 50,000 രൂപ വാങ്ങിയതായും മുൻ അന്തേവാസി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഇലോഹിം വർഷിപ് സെന്റർ ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തെയും പ്രതിചേർക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണ്. പഠന സൗകര്യവും സംരക്ഷണവും വാഗ്ദാനം ചെയ്താണ് 17 വയസ്സുള്ള രണ്ട് വിദ്യാർഥികളെ വൃദ്ധസദനത്തിലെത്തിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

എന്നാൽ കുട്ടികളെ പഠനത്തിന് അയയ്ക്കാതെ സ്ഥാപനത്തിലെ വിവിധ ജോലികൾ ചെയ്യിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരെയും കെട്ടിയിട്ട് മർദിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

സംഭവത്തിൽ പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവയുടെ അന്വേഷണം തുടരുകയാണ്. സ്ഥാപനത്തിൽ മറ്റ് കുട്ടികളെയോ സംരക്ഷണം ആവശ്യമായവരെയോ നിയമവിരുദ്ധമായി പാർപ്പിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്.

ENGLISH SUMMARY:

Malayala Manorama Online News reports on the ongoing investigation into the Snehatthananl old age home in Omalloor where a mother and child have gone missing after shocking abuse allegations surfaced. The Child Welfare Committee and local police are currently searching for the missing victims while probing Pastor Binu Vazhamuttam's involvement in the exploitation and assault of minors.