പ്രസവശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞ് 'നിധി'യെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് തന്നെ തിരിച്ചുകിട്ടാൻ സാധ്യത. കുട്ടിയെ സംരക്ഷിക്കാനുള്ള പശ്ചാത്തലം മാതാപിതാക്കൾക്കുണ്ടെന്ന ജാർഖണ്ഡ് സി ഡബ്ല്യു സി യുടെ റിപ്പോർട്ട് ജില്ല ശിശുക്ഷേമ സമിതിക്ക് ലഭിച്ചു. ഹിന്ദിയിലുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്തിയ ശേഷം നിയമനടപടികൾ ഉടൻ പൂർത്തിയാക്കും.
സിഡബ്ല്യുസിയുടെ സംരക്ഷണയിൽ കഴിയുന്ന നിധിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് മാതാപിതാക്കൾ തിരിച്ചെത്തിയത് കഴിഞ്ഞയാഴ്ച.യായിരുന്നു. സംരക്ഷിക്കാനുള്ള സാമ്പത്തിക- സാമൂഹിക പശ്ചാത്തലം മാതാപിതാക്കൾക്കുണ്ടെങ്കിൽ മാത്രമേ കുഞ്ഞിനെ കൈമാറാൻ ആകുവെന്ന് സിഡബ്ല്യുസി വ്യക്തമാക്കിയിരുന്നു. തുടർന്നാണ്, ജാർഖണ്ഡിലെ സിഡബ്ല്യുസിയോട് ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ജില്ലാ ശിശുക്ഷേമ സമിതിക്ക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ലഭിച്ചു. കുട്ടിയെ സംരക്ഷിക്കാനുള്ള പശ്ചാത്തലം മാതാപിതാക്കൾക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഹിന്ദിയിൽ ആയതിനാൽ, മലയാളത്തിലേക്കൊ ഇംഗ്ലീഷിലേക്കൊ അത് പരിഭാഷപ്പെടുത്തേണ്ടതുണ്ട്. പശ്ചാത്തല റിപ്പോർട്ട് മാതാപിതാക്കൾക്ക് അനുകൂലമായതിനാൽ കുട്ടിയെ കൈമാറാൻ തടസ്സങ്ങൾ ഒന്നും ഇല്ലെന്നാണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ നിഗമനം.
എങ്കിലും പരിഭാഷപെടുത്തിയ റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനുശേഷം മാത്രമേ തീരുമാനമുണ്ടാവൂ. കുഞ്ഞിന് സ്വകാര്യ ആശുപത്രിയിലെ എൻഐഎസ്യുവിൽ ചെലവായ രണ്ടു ലക്ഷത്തിലധികം രൂപയുടെ ബില്ലടക്കാൻ ഇല്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നായിരുന്നു മാതാപിതാക്കൾ പോലീസിനും സിഡബ്ല്യുസിയ്ക്കും നൽകിയ മൊഴി.
ജനുവരി 29നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ജാർഖണ്ട് സ്വദേശികൾക്ക് പെൺകുഞ്ഞ് പിറന്നത്. മാസം തികയാതെ പിറന്ന കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയശേഷം, ഇവർ കേരളത്തിൽനിന്ന് കടന്നു കളയുകയായിരുന്നു. സർക്കാർ ഏറ്റെടുത്ത കുഞ്ഞിന് നിധി എന്നാണ് പേരിട്ടത്. നിലവിൽ അങ്കമാലിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞുള്ളത്.