മനസുറയ്ക്കാത്ത അമ്മയോടൊപ്പം ദേശങ്ങളേറെ സഞ്ചരിച്ച എട്ട് വയസുകാരന്‍ ഒടുവില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. ഭാര്യയുമായി വേര്‍പിരിഞ്ഞെങ്കിലും മകന്‍റെ നന്മയെക്കരുതി മധ്യപ്രദേശില്‍ അധ്യാപകനായ പിതാവും ബന്ധുക്കളും കുഞ്ഞിന് തണലൊരുക്കാനെത്തി. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിശ്രമമാണ് സ്നേഹനിര്‍ഭരമായ ഒത്തുചേരലിന് വഴിതെളിച്ചത്.
അമ്മയുടെ വിരലില്‍ തൂങ്ങി മാത്രമേ അവന്‍ നടന്നിട്ടുള്ളൂ. മനസുറയ്ക്കാത്തതിനാല്‍ കാലദേശങ്ങളുടെ പരിമിതിയില്ലാതെ പലയിടങ്ങളിലും സഞ്ചരിച്ചു. ചിറകിനടിയില്‍ സൂക്ഷിച്ചെങ്കിലും അമ്മ മകനെ ക്ലാസിലേക്ക് അയയ്ക്കാന്‍ തയാറായിരുന്നില്ല. അങ്ങനെ അവന് വയസ് എട്ട് പിന്നിട്ടു. ഭര്‍ത്താവിനൊപ്പം ജീവിച്ചിരുന്ന ഓര്‍മയുടെ ബാക്കിപത്രം തേടിയുള്ള യുവതിയുടെ യാത്ര പലദേശങ്ങളിലൂടെയായി. അഞ്ച് മാസം മുന്‍പ് അമ്മയും മകനും ദില്ലിയിലെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ കേരള ഹൗസ് അധികൃതര്‍ തിരുവനന്തപുരത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. പിന്നീടങ്ങോട്ട് വലിയൊരു ഉദ്യമമായിരുന്നു.
എട്ടാം വയസില്‍ കുഞ്ഞ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടി. പൂജപ്പുരയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ച് സമീപത്തെ സ്കൂളില്‍ പഠനം. അമ്മയെ വിഗഗ്ധ ചികില്‍സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. യുവതിയുടെ മാനസിക പ്രശ്നത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞ കുഞ്ഞിന്‍റെ അച്ഛനും പത്തനംതിട്ട സ്വദേശിയുമായ അധ്യാപകന്‍ മധ്യപ്രദേശിലെ അധ്യാപന വൃത്തിക്ക് താല്‍ക്കാലിക അവധി നല്‍കി മകനെ കാണാനെത്തി. ബന്ധുക്കളെയും ഒപ്പം കൂട്ടി. കുഞ്ഞിന്‍റെ ഭാവിയെക്കണ്ട് നിറഞ്ഞ മനസോടെ അച്ഛന്‍ മകനെ ഒപ്പം കൂട്ടി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളും ജീവനക്കാരും ചുരുങ്ങിയ നാളുകള്‍ക്കുകളില്‍ അവന് സ്നേഹ പരിലാളനം തീര്‍ത്തവരായിരുന്നു. അമ്മയ്ക്ക് അസുഖം ഭേദമാകുന്ന മുറയ്ക്ക് മകനെ ഏത് സമയത്തും കാണാമെന്ന ഉറപ്പ് കൂടിയാവുമ്പോള്‍ പൊട്ടിച്ചെടുത്താലും വീണ്ടും ഇഴപിരിയാ മനസുകാരായി മാറാന്‍ ബന്ധമെന്ന കണ്ണികളുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ്.