നെടുമങ്ങാട് ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചതിൽ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കൈക്കൂലി ആരോപണം ഉയര്‍ന്നതോടെയാണ് ഡോ. ബിന്ദു സുന്ദറിനെതിരെ നടപടിയെടുത്തത്. ശാസ്ത്രക്രിയക്ക് മുന്‍പ് ഡോക്ടര്‍ രണ്ടുതവണയായി പതിനായിരം രൂപ വാങ്ങിയെന്ന് കുഞ്ഞിന്‍റെ അച്ഛന്‍ ആരോപിച്ചിരുന്നു. ഡോക്ടറുടെ മുറിയില്‍ എത്തിയാണ് പണംനല്‍കിയതെന്നാണ് ആരോപണം.  ഡോക്ടറെ പുറത്താക്കും വരെ കുഞ്ഞിന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. 

 

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് പ്രസവശസ്ത്രക്രിയയിൽ വീഴ്ചയെന്ന ആരോപണം ഉയരുന്നത്. രണ്ടിലും ആരോപണവിധേയയായ ഡോക്ടർ ഒരാൾ തന്നെയാണ്—ഡോ. ബിന്ദു സുന്ദർ. ഇത്തവണ വീഴ്ചയുടെ വില ഒരു കുഞ്ഞിന്‍റെ ജീവനായിരുന്നു. ഡോക്ടറുടെ പിഴവാണ് കുഞ്ഞിന്‍റെ ജീവൻ നഷ്ടപ്പെടുത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഡോക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍.ഡി.ഒയെ തടഞ്ഞ് പ്രതിഷേധിച്ചു. മന്ത്രി ജി.ആര്‍.അനിലിന്‍റെ ഓഫിസിലേക്കും മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതോടെ ഡോ. ബിന്ദു സുന്ദറിനെ ആരോഗ്യ വകുപ്പ് സ്ഥലംമാറ്റിയിരുന്നു

 

അതിനിടെ ആരോഗ്യമന്ത്രി നിയോഗിച്ച മൂന്നംഗസംഘം ആശുപത്രിയിലെത്തി. മെഡിക്കൽ കോളേജിലെ അനസ്തേഷ്യ, ഗൈനക്കോളജി, നിയോ നാറ്റൽ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് അന്വേഷണത്തിനായി ആശുപത്രിയിലെത്തിയത്.യുവതിക്ക് നൽകിയ ചികിത്സയിലും പ്രസവശാസ്ത്രക്രിയയിലും ഡോക്ടർക്ക് വീഴ്ച ഉണ്ടായോ എന്ന് സംഘംപരിശോധിക്കും. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടി. 

 

16നാണു പാലോട് സ്വദേശി നിരഞ്ജനയെ ജനൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിക്കുള്ളിൽ സ്വാഭാവികപ്രസവം ഉണ്ടായില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ശസ്ത്രക്രിയക്കായി കൊണ്ടുപോയത് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ്. ഈ വൈകലാണ് കുഞ്ഞിന്‍റെ ജീവനെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു.

 

ENGLISH SUMMARY:

Nedumangad hospital baby death case has led to the suspension of a doctor, Dr. Bindu Sunder, amid allegations of bribe and medical negligence. The family of the deceased infant is demanding justice and has refused to claim the body until action is taken against the doctor.