ചിത്രം: മനോരമ

കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയില്‍വച്ച് അമ്പൂരി സ്വദേശി ചാക്കപ്പാറ തോട്ടരികത്തു വീട്ടിൽ സന്തോഷ് കുമാറാണ് (39) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കൃത്യമായ ചികിത്സ നല്‍കാന്‍ ആശുപത്രിയില്‍ ജീവനക്കാരില്ലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. 

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 4.30നാണ് സന്തോഷിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ സന്തോഷിന്റെ മരണം സംഭവിച്ചു. കാഷ്വാലിറ്റിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലായിരുന്നുവെന്നും ഓക്‌സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായില്ലെന്നുമാണ് സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. 

സംഭവത്തെ തുടര്‍ന്ന് സന്തോഷിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആശുപത്രിയില്‍ വലിയ പ്രതിഷേധം നടത്തി. അടിയന്തരമായി ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും ആരോപിച്ച സുഹൃത്തുക്കൾ ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നു പാറശാല സിഐ സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. 

വൈഷ്‌ണവിയാണ് സന്തോഷ്‌കുമാറിന്റെ ഭാര്യ. മകൻ-ഹൈന്ദവ്. അത്യാസന്ന നിലയിൽ കൊണ്ടു വന്ന രോഗിക്ക് ആവശ്യമായ സിപിആർ ഉൾപ്പെടെ പ്രാഥമിക ചികിത്സ നൽകിയതാണെന്നും കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഉളളതിനാൽ സിലിണ്ടർ ഉപയോഗിക്കാറില്ലെന്നും മെഡിക്കൽ ഓഫിസർ ഡോ. സജ്‌ന അറിയിച്ചു. 46 കോടി രൂപ മുടക്കി നവീകരിച്ച ആശുപത്രി അടുത്തിടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

KSEB Temporary Employee Dies Amid Allegations of Medical Negligence:

KSEB temporary employee death highlights critical issues in Kerala's healthcare system. Reports indicate a KSEB temporary employee passed away at Parassala taluk hospital due to alleged lack of timely medical attention and insufficient staff.