സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചകൾക്ക് പൂട്ടിടാൻ നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള ചർച്ചകൾ ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് എഐസിസി നേതൃത്വത്തിന്. സംസ്ഥാനത്തെ സാഹചര്യം ദേശീയ നേതൃത്വത്തെ ധരിപ്പിച്ച എഐസിസി ജനറൽ സെക്രട്ടറി ദിപാദാസ് മുൻഷിയും കടുത്ത അതൃപ്തിയിലാണ്. അതിനിടെ,  ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന രമേശ് ചെന്നിത്തല  അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി  കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന ഫലത്തിന്റെ മാറ്റ് കുറയ്ക്കുന്നതാണ് ചർച്ചകൾ എന്ന അഭിപ്രായമാണ് ദീപാദാസ് മുൻഷിക്ക്. വിഷയത്തിൽ എഐസിസി നേതൃത്വം തന്നെ ശക്തമായ സന്ദേശം നൽകണമെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. 

 

Also Read: 'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു നടപടിക്രമമുണ്ട്; അതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും'

 

ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രിക്കസേരയ്ക്കായി കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്പോര്  മൂര്‍ധന്യാവസ്ഥയിലെത്തിയിരുന്നു. കെ.സി വേണുഗോപാലിനെ പിന്തുണച്ച് കെ.സുധാകരന്‍ ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ നവമാധ്യമങ്ങളില്‍ രംഗത്തെത്തി. പോസ്റ്റുകളില്‍ വി.ഡി സതീശന് പിന്തുണയുമായി  കമന്‍റുകളുടെ പ്രവാഹം. പരസ്യ പ്രസ്താവനകള്‍ അനുചിതമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പ്രതികരിച്ചു. ഏതെങ്കിലും നേതാവിനെ പിന്തുണച്ചുള്ള പോസ്റ്റ് ശരിയല്ലെന്ന് കെ മുരളീധരനും തുറന്നടിച്ചു. പിന്തുണ പോസ്റ്റുകളെ തള്ളാന്‍ കെ.സി വേണുഗോപാല്‍ തയ്യാറായില്ല. 

 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കെ.സി വേണുഗോപാലിന്‍റെ യോഗ്യത ചോദ്യം ചെയ്തുള്ള ഒരു ചാനല്‍ ചര്‍ച്ചയുടെ പേര് പറഞ്ഞാണ് കെ.സി വേണുഗോപാലിന് പിന്തുണ അറിയിച്ച് ഒരു വിഭാഗം നേതാക്കളെ കൂട്ടത്തോടെ രംഗത്തിറങ്ങിയത്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികളായ റോജി എം. ജോണ്‍, രമ്യ ഹരിദാസ്, സന്ദീപ് വാര്യര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയില്‍, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ തുടങ്ങിയവരാണ് ചാനല്‍ ചര്‍ച്ചയെ വിമര്‍ശിക്കാനെന്ന പേരില്‍ കെ.സി അനുകൂല പോസ്റ്റുകളിട്ടത് . ഒടുവില്‍ വളച്ച് കെട്ടുകളില്ലാതെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് കെ സുധാകരന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് . പാര്‍ട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരക ശക്തിയാണ് കെസി. കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി കെ.സിക്ക് ഉയരാന്‍ കഴിയുമെന്നും ഭരണത്തിന് ദിശാബോധം നല്‍കാന്‍ കെ.സി വേണുഗോപാല്‍ ഉയരട്ടെയെന്നുമാണ് സുധാകരന്‍ കുറിച്ചത്.

 

ഇതിന് താഴെ വന്ന കമന്‍റുകള്‍ ഏവരെയും അമ്പരിപ്പിക്കുന്നതാണ്. ആറായിരത്തോളം കമന്‍റുകളില്‍ 90 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തെ വി.ഡിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ളത്.  കുറച്ച് സമയം കമന്റ് ബോക്സ് അടച്ചിടേണ്ടി വന്നു കെ സുധാകരന്. കെ.സി വേണുഗോപാലിനെ പിന്തുണച്ചുള്ള മറ്റ് പോസ്റ്റുകളിലും വി.ഡിക്ക് പിന്തുണ അറിയിച്ചുള്ള കമന്‍റുകളുടെ പ്രവാഹമാണ്. ഇത്തരരത്തില്‍ അണികളും നേതാക്കളും തമ്മിലുള്ള പരസ്യ പോരായി വിഷയം മാറിയതോടെയാണ് കെ സുധാകരന്‍റെ ഉള്‍പ്പെടേ പ്രതികരണങ്ങള്‍ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് രംഗത്തുവന്നത്. 

 

ഒറ്റയ്ക്കുള്ള നൃത്തമല്ല, സംഘ നൃത്തമാണ് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചാണ് കെ മുരളീധരന്‍ പരസ്യ പ്രതികരണങ്ങളെ തള്ളിയത്. ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പരസ്യ ചര്‍ച്ചകളെ തള്ളിയെങ്കിലും കെ സുധാകരനുള്‍പ്പെടേ നടത്തിയ പ്രതികരണത്തെ തള്ളാന്‍ കെ.സി വേണുഗോപാല്‍ തയ്യാറായില്ല. 

 

പരസ്യ ചര്‍ച്ചയെ കെ.പി.സ.സി പ്രസിഡന്‍റ് വിലക്കിയിട്ടും കെസി വേണുഗോപാലിനെ പിന്തുണച്ചുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ തുടരുകയാണ്. ഇതിന് മറുപടിയായി വി.ഡി സതീശനെ പിന്തുണച്ചുള്ള ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ സജീവം. മേയ് നാലിന് യു.ഡി.എഫിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ കാണാന്‍ പോകുന്ന പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് മാത്രമാണിത്. 

ENGLISH SUMMARY:

Chief Minister discussions are being shut down by leadership, with Ramesh Chennithala heading to Delhi. The AICC leadership believes that discussions prior to the election results will not be beneficial, and AI CC General Secretary Deepa Das Munshi is reportedly very displeased with the current situation in the state.