ചോദ്യപേപ്പര്‍ ചോര്‍ച്ച ഏഴരക്കോടി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും സര്‍ക്കാരിന് ഒരു കൂസലുമില്ലെന്ന് രാഹുല്‍ ഗാന്ധി. 'കുട്ടികൾ എന്തുതെറ്റാണ് ചെയ്തത്? അവർ ചോദിച്ചത് അവരുടെ അവകാശങ്ങളാണ്. അവരുടെ പ്രതിഷേധം സമാധാനപരമായിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കയ്യില്‍ കറുത്ത റിബണ്‍ കെട്ടിയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ജന്തർ മന്തറിലെ പൊലീസ് നടപടിയുടെ ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പ്രതിഷേധം സമാധാനപരമായിരുന്നെന്നും കുറ്റവാളികളല്ലാത്തവരെയാണ് പൊലീസ് ആക്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യയിലെ യുവാക്കൾക്ക് ഭാവിയില്ലാത്ത അവസ്ഥയാണെന്നും പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളെ ആക്രമിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടി വേണമെന്നും തെരുവിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, രാഹുൽ ഗാന്ധി സിജെപിയുടെ പേര് നേരിട്ട് പരാമർശിച്ചില്ല.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പൂർണ പരാജയമാണെന്നും ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ മന്ത്രി തകർക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വിദ്യാഭ്യാസമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ മന്ത്രിക്ക് ബന്ധമുണ്ടെന്ന സംശയമുണ്ടെന്നും അദ്ദേഹത്തിന്റെ പശ്ചാത്തലം തങ്ങൾക്ക് അറിയാമെന്നും മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ന്യായമാണെന്നും രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ. ഇനിയും അടികൊള്ളാൻ തയ്യാറാണ്' എന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാനുള്ള അവസരം നിഷേധിച്ചെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, ഡൽഹിയെ പ്രക്ഷുബ്ധമാക്കിയ പ്രതിഷേധത്തിനിടെ, ഗത്യന്തരമില്ലാതെ ചർച്ചയ്ക്ക് തയ്യാറായ കേന്ദ്രസർക്കാരിന്‍റെ സമവായനീക്കം പ്രതിപക്ഷവും സിജെപിയും തള്ളി. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുന്നതുവരെ ചർച്ചയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ നൽകിയ ക്ഷണം സിജെപിയും നിരസിച്ചു. ആരുടെയും ഓഫീസിലേക്ക് ചർച്ചയ്ക്കായി പോകില്ലെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും സിജെപി വ്യക്തമാക്കി.