പത്തനംതിട്ട ഏനാത്ത് ഇളങ്ങമംഗലം ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണം തുടങ്ങി എട്ട് വർഷമായിട്ടും പൂർത്തിയായില്ല. സ്ഥലപരിമിതി മൂലം ദുരിതത്തിലാണ് സ്കൂളിന്റെ പ്രവർത്തനം.
ക്ലാസുകൾ വേർതിരിക്കാതെ ഒരു ഹാളിനുള്ളിലാണ് ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്. മതിയായ സൗകര്യങ്ങളില്ലാതെയാണ് സ്കൂൾ ഓഫീസും പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നത്. ജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽപി സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂൾ ഇടം നേടിയിരുന്നു. നിലവിലെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓട് നീക്കം ചെയ്ത് ലോഹ ഷീറ്റ് ഉറപ്പിച്ചതും സ്കൂളിന് തിരിച്ചടിയായി. 2018-ലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 96.12 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഹാബിറ്റാറ്റിനായിരുന്നു നിർമാണ ചുമതല. ഭിത്തി കെട്ടി മേൽക്കൂരയും പൂർത്തിയാക്കിയെങ്കിലും ഇനി 30 ശതമാനത്തോളം നിർമാണ ജോലികൾ പൂർത്തിയാകാനുണ്ട്. സ്കൂൾ അധികൃതരും പിടിഎയും പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ചുറ്റുമതിൽ ഇല്ലാത്തതിനാൽ സ്കൂൾ പരിസരത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്. നിലവിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമാണ ജോലികൾ പൂർണ്ണമായി നിലച്ചിരിക്കുകയാണ്. മുൻ വിദ്യാഭ്യാസ മന്ത്രിക്ക് അടക്കം ഒരു വർഷത്തിലേറെയായി പരാതി നൽകിയിട്ടും സ്കൂൾ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.