Image Credit: facebook/pathanamthittacollector

Image Credit: facebook/pathanamthittacollector

വാട്സാപ്പ് വഴിയും ഇന്‍സ്റ്റ, മെസഞ്ചര്‍ വഴിയുമെല്ലാം പരിചയക്കാരെന്ന് ഭാവിച്ച് തട്ടിപ്പുകാര്‍ വരുന്നത് പതിവായിക്കഴിഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ചതിന് പിന്നാലെ പണം കടം ചോദിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. തന്റെ പേരില്‍ പണം ആവശ്യപ്പെട്ടുള്ള തട്ടിപ്പ് സന്ദേശങ്ങള്‍ പലര്‍ക്കും ലഭിക്കുന്നതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീനാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്‍റെ ചിത്രം ഉപയോഗിച്ച് നിര്‍മിച്ച അക്കൗണ്ട് വ്യാജമാണെന്നും പലര്‍ക്കും സന്ദേശം ലഭിച്ചിട്ടുണ്ടെന്നും പരാതി സൈബര്‍ പൊലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.

അജ്ഞാത നമ്പറില്‍ നിന്നെത്തിയ സന്ദേശത്തില്‍ താന്‍ നിസാമുദ്ദീന്‍ ഐഎഎസ് ആണെന്നും ജില്ലാ കലക്ടറാണെന്നും തട്ടിപ്പുകാരന്‍ അവകാശപ്പെടുന്നു. അപ്പോള്‍ പുതിയ കലക്ടര്‍ ചുമതലയേറ്റെന്ന് അറിഞ്ഞിരുന്നു. പക്ഷേ നമ്മള്‍ തമ്മില്‍ വ്യക്തിപരമായി പരിചയമില്ലല്ലോ, ആളുമാറി അയച്ച സന്ദേശമാകാം എന്ന് മെസേജ് ലഭിച്ചയാള്‍  പ്രതികരിച്ചതോടെയാണ് പണം ആവശ്യപ്പെട്ടത്. 

അടിയന്തരമായി 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും താന്‍ ഇപ്പോള്‍ ഒരു മീറ്റിങിലാണെന്നും വൈകുന്നേരത്തോടെ പണം തിരികെ നല്‍കാമെന്നുമാണ് +66646019936 എന്ന നമ്പറില്‍ നിന്നും ആവശ്യപ്പെട്ടത്. അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടതോടെ പഞ്ചാബ് നാഷനല്‍ ബാങ്കിന്‍റെ അക്കൗണ്ട് നമ്പറും പിതം സിങ് എന്ന് അക്കൗണ്ട് ഉടമയുടെ പേരും പാന്‍നമ്പറും നല്‍കി. പണം അയച്ചാല്‍ സ്ക്രീന്‍ഷോട്ട് ഇടാനും നിര്‍ദേശിച്ചു. ഇംഗ്ലിഷിലും സന്ദേശം ചിലര്‍ക്ക് ലഭിച്ചതിന്‍റെ സ്ക്രീന്‍ഷോട്ടുകളും ജില്ലാ കലക്ടര്‍ പങ്കുവച്ചിട്ടുണ്ട്. 

2018 ഐഎഎസ് ബാച്ചുകാരനായ എ. നിസാമുദ്ദീന്‍ പത്തനംതിട്ടയുടെ 39–ാം കലക്ടറായി തിങ്കളാഴ്ചയാണ് ചുമതലയേറ്റത്. കില ഡയറക്ടറായും എംജിഎന്‍ആര്‍ഇജിഎസ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Cyber fraudsters have targeted the newly appointed Pathanamthitta District Collector, A. Nizamudeen IAS, by creating a fake WhatsApp profile using his photograph to extort money. Operating from the international number +66646019936, the scammer messaged several individuals claiming the Collector was caught in an urgent meeting and required an immediate transfer of ₹50,000. When targets requested transaction details, the criminal supplied a Punjab National Bank account under the name 'Pitham Singh' along with a corresponding PAN card identifier, instructing them to share payment screenshots. Collector Nizamudeen, who took charge as the district's 39th administrator this past Monday, immediately took to Facebook to release chat screenshots and alert the public against falling for the trap. The Kerala Cyber Police have registered a formal corporate identity theft case and are tracking the digital footprints and monetary channels utilized by the network.