pathanamthitta-attack

TOPICS COVERED

പത്തനംതിട്ട ഇളമണ്ണൂരിൽ ചോദിച്ച പിരിവ് നൽകാത്തതിനെത്തുടർന്ന് പ്ലൈവുഡ് ഫാക്ടറിക്ക് നേരെ ആക്രമണം. ക്ഷേത്രോത്സവത്തിന്റെ പേരിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ച കൂട്ടായ്മയുടെ പേരിലായിരുന്നു പിരിവ്. ആക്രമണത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട ഇളമണ്ണൂരിലെ കെ എം വുഡ് പ്രൊഡക്ട്സിലായിരുന്നു ആക്രമണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെ മൂന്ന് വാഹനങ്ങളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കെട്ടുക്കാഴ്ചയ്ക്കായി പിരിവ് ചോദിച്ചാണ് സംഘം എത്തിയത്. 'റെഡ് ചില്ലീസ്' എന്ന പേരിൽ സി‌പി‌എം ഡി‌വൈ‌എഫ്‌ഐ പ്രവർത്തകർ രൂപീകരിച്ച കൂട്ടായ്മയ്ക്ക് വേണ്ടിയായിരുന്നു ഈ പിരിവ്.

​ഉടമയോട് 50,000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് ഉടമ അറിയിച്ചു. തുടർന്ന് 10,000 രൂപയുടെ രസീത് എഴുതിയെങ്കിലും അതും നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘം ആക്രമണം ആരംഭിക്കുകയായിരുന്നു. ഉടമയായ സനുമോനെയും തടയാൻ ചെന്ന മാനേജർ ബിജു മാത്യുവിനെയും സംഘം മർദ്ദിച്ചു.

കൂടാതെ ഫാക്ടറിക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിയുകയും ഓഫീസ് മുറി അടിച്ച് തകർക്കുകയും ചെയ്തു.

​ആക്രമണത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ ശ്യാം, അരുൺ, രാഹുൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. ക്ഷേത്രവുമായി ഈ പിരിവിന് ബന്ധമില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ക്ഷേത്രത്തിന്റെ പേരിലാണ് സംഘം രസീത് അടിച്ച് പണപ്പിരിവ് നടത്തിയിരുന്നത്.

ENGLISH SUMMARY:

A plywood factory in Elamannoor, Pathanamthitta, was brutally attacked by a group after the owner refused to pay a donation of ₹50,000. The attackers, identified as members of a group called 'Red Chillies' formed by CPM-DYFI workers, arrived in three vehicles and assaulted the owner, Sanumon, and manager, Biju Mathew. The group also vandalized the office, causing an estimated loss of ₹10 lakh. While they claimed the money was for a temple festival, temple authorities have distanced themselves from the collection. The Adoor police have arrested three individuals—Shyam, Arun, and Rahul—and booked seven others in connection with the incident.