ശബരിമല തീർഥാടന പാതയായ കരിമലയിലും, പുൽമേട്ടിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗസാന്നിധ്യം കൂടുന്നതായി വനം വകുപ്പ്. വേനൽ കടുത്തതോടെ കുടിവെള്ളം തേടി മൃഗങ്ങൾ സ്വാമിമാരുടെ പരമ്പരാഗത കാനന പാത മറികടക്കുന്നതും പതിവ്. നിരീക്ഷണം കൂട്ടിയതിനൊപ്പം യാത്രയിൽ സ്വാമിമാർ സ്വയം കരുതലെടുക്കണമെന്നും വനം വകുപ്പിന്‍റെ ജാഗ്രതാ നിർദേശം.
കരിമലയിലും, ചെറിയാനവട്ടത്തും തുടർച്ചയായി കാട്ടാനയുടെ സാന്നിധ്യമുണ്ട്. വന്യമൃഗങ്ങളുടെ വഴിയിലൂടെ സ്വാമിമാർ നീങ്ങുമ്പോൾ അതിന് സാധ്യത കൂടുതലെന്ന് വനം വകുപ്പ്. സാധാരണ നിലയിൽ ശബരിമല തീർഥാടനം തുടങ്ങി സ്വാമിമാരുടെ സാന്നിധ്യമുണ്ടായാൽ മൃഗങ്ങൾ ഉൾക്കാട്ടിൽ നിലയുറപ്പിക്കുന്നതാണ് പതിവ്. പക്ഷേ നീരുറവകൾ പലതും വറ്റിവരണ്ട സാഹചര്യത്തിൽ കുടിവെള്ളം തേടി പാത മറി കടക്കുന്നത് പതിവായിട്ടുണ്ട്. ആനയെക്കണ്ടാൽ പ്രകോപനം പാടില്ലെന്നും മൃഗങ്ങൾ ഉൾവനത്തിലേക്ക് മാറിയ ശേഷമുള്ള തുടർയാത്രയാണ് ഉചിതമെന്നുമാണ് വനപാലകരുടെ മുന്നറിയിപ്പ്.
ആനത്താരയിലും പുഴയോട് ചേർന്നും ആനയുടെ വരവിന് കൂടുതൽ സാധ്യതയുള്ള സ്ഥലത്ത് മുന്നറിയിപ്പിനൊപ്പം ഇക്കോ ഗാർഡുമാരുടെ ഇരുപത്തിനാല് മണിക്കൂർ നീളുന്ന സാന്നിധ്യവുമുണ്ട്. യാത്രയിൽ ആവശ്യമെങ്കിൽ അടുത്തുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് കയറി സ്വാമിമാരോട് സുരക്ഷിതരാകാനും നിർദേശമുണ്ട്. പാണ്ടിത്താവളം ഭാഗത്ത് ആനയുടെ സാന്നിധ്യം കൂടിയ സാഹചര്യത്തിൽ വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നുണ്ട്. രാവിലെ വനം വകുപ്പിന്‍റെ പരിശോധന കഴിഞ്ഞ ശേഷമാണ് സ്വാമിമാരുടെ യാത്രയ്ക്ക് അനുമതി നൽകുന്നത്. വഴിയിൽ തളർന്നുപോയാൽ ഉദ്യോഗസ്ഥരെത്തി കൂടെക്കൂട്ടി സുരക്ഷിതമായി അടുത്ത കേന്ദ്രത്തിലെത്തിക്കും.