സ്വപ്നങ്ങൾ പിന്തുടരാൻ പ്രായപരിധിയില്ലെന്ന് തെളിയിക്കുകയാണ് 71-ാം വയസ്സിൽ കഥകളി അരങ്ങേറി ഹൈമാദേവി. തിരുവല്ല ശ്രീവല്ലഭാ ക്ഷേത്രത്തിൽ സന്താനഗോപാലം കൃഷ്ണനായാണ് ഹൈമാദേവി അരങ്ങേറ്റം കുറിച്ചത്. കഥകളിയുടെ മനയോല കൂട്ടും ചമയങ്ങളുടെ നിറപ്പകിട്ടും ഹൈമയുടെ മനസ്സിൽ കുട്ടിക്കാലത്തേ പതിഞ്ഞതാണ്. വിവാഹ ജീവിതവും ഔദ്യോഗിക ജീവിതവും ആ സ്വപ്നത്തിന്‍റെ തെളിമ കവർന്നില്ല.
കലാമണ്ഡലം പത്തനാപുരം ബിജുവിന്‍റെ ശിക്ഷണത്തിൽ രണ്ടര വർഷത്തെ പഠനത്തിന് ശേഷം കളിവിളക്കിനു മുന്നിലേക്ക്. കാലം ചുളിവുകൾ തീർത്ത മുഖത്ത് കലയുടെ മനയോലപ്പച്ചയും ചുട്ടിയുടെ ഗരിമയും മിഴിവോടെ തെളിഞ്ഞു. ചുണ്ടപ്പൂ ചുവപ്പിച്ച കണ്ണുകളിൽ സന്തോഷത്തിന്‍റെ നനുത്ത തിളക്കം. കൃഷ്ണന്‍റെ ശാന്തതയും പക്വതയും ഹൈമയുടെ ആത്മസമർപ്പണത്തിൽ പൂർണം.
ഉൽക്കടമായ സ്വപ്നത്തിന്റെ സന്താനമായി പിറവിയെടുത്ത ഉറച്ച ചുവടുകൾക്ക് ഹൈമയുടെ ഭർത്താവ് ഡോ. രാജേന്ദ്ര ബാബുവിൻ്റെയും മക്കളുടേയും കൊച്ചുമക്കളുടേയും പിന്തുണ. കാലം മായ്ക്കാത്ത സ്വപ്നത്തിന് ജീവൻ പകരാൻ പ്രായം തടസ്സമല്ലെന്ന സന്ദേശം.