panthalam-bridge

പന്തളം തോട്ടക്കോണത്ത് ഇത്തവണകൂടി നാട്ടുകാരുടെ അധ്വാനത്തില്‍ അച്ചന്‍കോവിലാറിന് കുറുകെ താല്‍ക്കാലിക പാലം ഒരുങ്ങി.പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനായാണ് മറുകരയെ ബന്ധിപ്പിക്കാന്‍ പാലം നിര്‍മിക്കുന്നത്.അടുത്ത ഉല്‍സവത്തിന് മുന്‍പ് സ്ഥിരംപാലം വരുമെന്നാണ് പ്രതീക്ഷ.
 

പന്തളത്ത് പന്ത്രണ്ട് കരയുടേയും അധിപനാണ് പന്തളത്ത് മഹാദേവര്‍ എന്നാണ് വിശ്വാസം.മുക്കാല്‍വട്ട പ്രദക്ഷിണമുള്ള കേരളത്തിലെ അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന്.ക്ഷേത്രത്തിന്‍റെ ഒരുഭാഗത്തുകൂടിയാണ് അച്ചന്‍കോവിലാര്‍ കടന്നു പോകുന്നത്.അച്ചന്‍കോവിലാറിന്‍റെ മറുകരയിലാണ് ഞെട്ടൂര്‍കര.ആറിന് കുറുകെ നൂറ് മീറ്റര്‍ പോകേണ്ടിടത്ത്  റോഡ് മാര്‍ഗം പോകണമെങ്കില്‍ എട്ട് കിലോമീറ്റര്‍ ചുറ്റണം.വള്ളത്തിലാണ് മറുകരയിലേക്ക് എഴുന്നള്ളത്തിനുള്ള തിടമ്പ് പോകുന്നതും.മറുകരയില്‍ നിന്ന് തേര് ക്ഷേത്രത്തിലേക്ക് വരുന്നതും.

20 വര്‍ഷം മുന്‍പ് കരക്കാര്‍ ഉല്‍സവത്തിന് മുന്‍പ് താല്‍ക്കാലിക പാലം നിര്‍മിച്ചു തുടങ്ങി.ഞെട്ടൂര്‍ പ്രാദേശിക സഭയും മഹാദേവ ക്ഷേത്ര ഭരണസമിതിയും ചേര്‍ന്നാണ് നിര്‍മാണം.കാറ്റാടിക്കഴകളും പനയുടെ തടിയും ഇരുമ്പു പൈപ്പുകളും ഉപയോഗിച്ചാണ് നിര്‍മാണം.സാധനങ്ങളുടെ വില ക്ഷേത്രം നല്‍കും.അധ്വാനം കരക്കാരുടേതാണ്.ഇത്തവണ പത്ത് ദിവസം എടുത്താണ് പാലം പണി തീര്‍ന്നത്.കുട്ടികളും പ്രായമായവരും അടക്കം ആയിരങ്ങളാണ് ഉല്‍സവകാലത്ത് പാലം വഴി ഉല്‍സവത്തിന് വരുന്നത്.

വിഷുക്കാലം വരെ പാലം നിലനിര്‍ത്തും പിന്നീട് പൊളിച്ചു നീക്കും.രണ്ടു പതിറ്റാണ്ടിലധികമായി നാട്ടുകാര്‍ സ്ഥിരം പാലത്തിനായി ശ്രമിക്കുന്നുണ്ട്.ഒടുവില്‍ ആ ശ്രമം ഫലം കണ്ടു.പുതിയ സ്ഥിരംപാലത്തിന്‍റെ തൂണുകളുടെ പണി തീര്‍ന്നു.അടുത്ത ഉല്‍സവത്തിന് മുന്‍പ് പണി തീര്‍ന്ന് തുറക്കും എന്നാണ് പ്രതീക്ഷ.അത് സഫലമായാല്‍ ഈ കാണുന്ന താല്‍ക്കാലിക പാലം അവസാനത്തേതാകും.

ENGLISH SUMMARY:

Residents of Thottakkonam and Njettoor in Pandalam have once again constructed a temporary bridge across the Achankovil River for the annual festival of the Pandalam Mahadevar Temple. For over 20 years, the community has built this 100-meter bridge using casuarina poles, palm wood, and iron pipes to avoid an 8 km detour. The construction, completed in 10 days by local volunteers, facilitates the ceremonial procession and movement of devotees. With the construction of a permanent bridge currently underway, locals hope this will be the final year they need to build a temporary structure.