70 വർഷമായി ശബരിമലയിലേക്കുള്ള തിരുവാഭരണ പേടകം വഹിച്ചിരുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ള വിരമിച്ചു. 90-ാം വയസ്സിലെ ആരോഗ്യ പ്രശ്നങ്ങളാണ് പിൻവാങ്ങാൻ കാരണം. ഗംഗാധരൻ പിള്ളയ്ക്ക് പന്തളം കൊട്ടാരം യാത്രയയപ്പ് നൽകി.
അച്‌ഛനൊപ്പം 18-ാം വയസ്സിൽ പേടകം ശിരസ്സിലേറ്റി തുടങ്ങിയതാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള. കൊടുംവനത്തിലെ പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് പരമ്പരാഗത പാതയിലൂടെയുള്ള യാത്ര 70 വർഷം പിന്നിട്ടു. ഇതിൽ 20 വർഷമായി സംഘത്തിന്‍റെ ഗുരുസ്വാമിയുമായിരുന്നു. പ്രായാധിക്യമാണ് വിരമിക്കൽ തീരുമാനത്തിലെത്തിച്ചത്.
പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ പന്തളം കൊട്ടാരം നിർവാഹക സമിതി ഗംഗാധരൻ പിള്ളയെ ആദരിച്ചു. ആകുന്ന കാലമത്രയും പ്രിയ ഭഗവാന്‍റെ തിരുവാഭരണം ശിരസ്സിലേറ്റാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഗംഗാധരൻ പിള്ള പടിയിറങ്ങുന്നത്.