കടലിലൂടെ പോകുന്ന ഒരുപാട് കപ്പലുകൾ നമ്മൾ കണ്ടിട്ടുണ്ടല്ലേ? എന്നാൽ കരയിലെ കപ്പൽ കണ്ടിട്ടുണ്ടോ? മല്ലപ്പള്ളി പഞ്ചായത്ത് 15-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ടി.ടി.തോമസിന്‍റെ വീടിന് കപ്പലിന്‍റെ ആകൃതിയാണ്. തോമസിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നവും കപ്പൽ തന്നെ.
കപ്പലിന്‍റെയും തീവണ്ടിയുടെയും വിമാനത്തിന്‍റെയും ആകൃതികൾ ചേർന്ന ടി.ടി.തോമസിന്‍റെ വീട് ഒരു കാലത്ത് വൈറലായിരുന്നു. ഇഷ്ടവാഹനങ്ങളുടെ രൂപങ്ങൾ ചേർത്തുവെച്ചൊരു വീട്. ഇപ്പോൾ അതേ ചിഹ്നത്തിൽ തന്നെ മത്സരവും.
ബഹ്‌റൈനില്‍ ആർക്കിടെക്ടായിരുന്ന തോമസ് നാട്ടിൽ മടങ്ങിയെത്തിയതിനുശേഷമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. തന്റെ കാലാവാസനയെ വികസനത്തോട് ചേർത്തുവെച്ച് നാടിന്‍റെ പുരോഗതി സാധ്യമാക്കാനാണ് ലക്ഷ്യമെന്ന് തോമസ്. ബഹ്റൈനിൽ നഴ്സായ ജീവിതപങ്കാളി ബെറ്റ്സി അലക്സും രണ്ട് കുട്ടികളും തോമസിന് പൂർണ പിന്തുണ നൽകി കൂടെയുണ്ട്.