കോയിപ്രം പഞ്ചായത്തിലെ 11-ാം വാർഡിൽ ആകെ കുടമയമാണ്. സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ കുടയുമായി പ്രചാരണത്തിനിറങ്ങുന്ന സ്വതന്ത്ര സ്ഥാനാർഥി രഘുവരനും കൂട്ടരുമാണ് നാട്ടുവഴികളെ കുട ചൂടിക്കുന്നത്.
പ്രചാരണത്തിനിറങ്ങുന്ന എല്ലാ വീടുകളിലും കുട ചൂടിയാണ് രഘുവും കൂട്ടരും എത്തുന്നത്. വെയിലും മഴയും പ്രതിരോധിക്കുന്ന കുട പോലെ വാർഡിലെ ജനതയ്ക്ക് സംരക്ഷണം ഒരുക്കും എന്ന സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നതെന്ന് സ്ഥാനാർഥി.
പെട്ടെന്നെത്തുന്ന കുടക്കൂട്ടത്തെ കണ്ട് ആദ്യം നാട്ടുകാർക്ക് അമ്പരപ്പായിരുന്നു, ഇപ്പോൾ കൗതുകമാണ്. കുടക്കീഴിലെ യാത്ര ഇഷ്ടപ്പെട്ട് രഘുവിനൊപ്പം വീടുകയറാൻ കൂടിയവരും ഒരുപാട് പേരുണ്ട്. പ്രചരണത്തിന് കൂടെ കൂടിയവരൊക്കെ ചേർന്ന് കന്നിയങ്കത്തിന് വിജയം സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് രഘുവരൻ.