sabarimala-1-

കാടിന്റെ ഹൃദയത്തിലൂടെ അയ്യപ്പ സന്നിധിയിലേക്കുള്ള വഴിയാണ് പുല്ലുമേട് കാനന പാത. മണ്ഡല കാലത്തിന്‍റെ ആദ്യദിനം തന്നെ വനപാത സജീവമായിക്കഴിഞ്ഞു. ആയിരത്തിലധികം തീര്‍ഥാടകരാണ് ഇന്നലെ പുല്ലുമേട് വഴി ശബരിമല സന്നിധാനത്ത് എത്തിയത്. ശബരിമല തീർത്ഥാടന പാതകളിൽ ഏറ്റവും കാടിന്റെ സൗന്ദര്യവും, അതേസമയം കഠിനമായ വെല്ലുവിളികളും നിറഞ്ഞതാണ് ഈ പുല്ലുമേട് പാത. പെരിയാർ കടുവാ സങ്കേതത്തിലൂടെയുള്ള ഈ കാനനയാത്ര, വെറുമൊരു നടപ്പ് മാത്രമല്ല, ഒരു തീവ്രമായ ആത്മീയ അനുഭവമാണ്.

വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിന്ന് യാത്ര തുടങ്ങി പുല്ലുമേടിൽ എത്തുമ്പോള്‍ യാത്രക്കാരെ വരവേൽക്കുന്നത് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുൽമേടുകളാണ്. പുലരുമ്പോൾ കോടമഞ്ഞ് പുതച്ചുനിൽക്കുന്ന മലകള്‍. അങ്ങ് ദൂരെ പതിനെട്ടു മലകളുടെ നടുവില്‍ തിളങ്ങിനില്‍ക്കുന്ന ശബരിമല ശ്രീകോവിലും കാണാം. ഭാഗ്യമുണ്ടെങ്കില്‍ പുല്‍മേടുകളില്‍ കാട്ടുപോത്തിന്‍ കൂട്ടങ്ങളേയും കാട്ടാനക്കൂട്ടങ്ങളേയും കാണാം.

കുന്നിറങ്ങിയാല്‍പ്പിന്നെ കാടാണ്. ഇടതൂർന്ന മരങ്ങൾ പകൽ വെളിച്ചത്തെപ്പോലും തടയുന്നു. പുലിയും കടുവയും കരടിയും ഏത് സമയവും മുന്നില്‍പ്പെടാവുന്ന വനപാതയാണ്. വനപാതയുടെ കുറുകെ പലയിടത്തും ആനത്താരകള്‍. ഈ പാതയുടെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. ഈ യാത്ര ഓരോ തീർത്ഥാടകന്റെയും ശാരീരികവും മാനസികവുമായ ശക്തി പരീക്ഷിക്കുന്നു.

ഓരോ പോയിന്‍റിലും വനംവകുപ്പ് ജീവനക്കാരുണ്ട്. പണ്ട് ഭാരം ചുമക്കാനുപയോഗിച്ചിരുന്ന കഴുതകള്‍ വയസാകുമ്പോള്‍ തള്ളിയിരുന്ന കൊക്കയായ കഴുതക്കൊല്ലി ഈ വഴിയിലാണ്. വ്യത്യസ്തമായ വഴി തേടുന്നവരാണ് പുല്ലുമേട് പാതയിലെ യാത്രക്കാര്‍. രാവിലെ ഏഴ് മണിമുതലാണ് പുല്ലുമേട് പാതയിലേക്കുള്ള പ്രവേശനം. ഉച്ചയ്ക്ക് ഒരുമണിക്ക് അവസാനിപ്പിക്കും. ഏഴ് മണിക്ക് പുറപ്പെടുന്ന ഭക്തര്‍ പതിനൊന്ന് മണിയോടെ സന്നിധാനത്തെ പാണ്ടിത്താവളത്തില്‍ എത്തിച്ചേരും. 

കഠിനമായ യാത്രയുടെ കഷ്ടപ്പാടുകൾ എല്ലാം അയ്യപ്പ ദർശനത്തിന്റെ മുന്നിൽ അലിഞ്ഞില്ലാതാകുന്നു. കരിമല വനപാതയേക്കാള്‍ കാഠിന്യം കുറവായത് കൊണ്ട് തിരക്കേറുന്നുണ്ട്.

ENGLISH SUMMARY:

Pullumedu route offers a challenging yet spiritually rewarding trek to Sabarimala through dense forests. This traditional pilgrimage route tests physical endurance while providing a unique connection with nature and faith.