റോഡ് സുരക്ഷാ അതോറിറ്റി ഫണ്ട് അനുവദിക്കാത്തതിനാൽ ശബരിമല സേഫ് സോൺ പദ്ധതിയുടെ പ്രവർത്തനം തുടങ്ങാനായില്ല. അടിയന്തര സാഹചര്യങ്ങളിൽ സ്വാമിമാർക്ക് സഹായമെത്തിക്കേണ്ട സൗകര്യമാണ് സർക്കാർ ഇടപെടൽ വൈകുന്നത് കാരണം പ്രതിസന്ധിയിലായത്. തീർഥാടന പാതയിൽ നേരിയ പരിശോധന മാത്രമാണ് മണ്ഡലകാലം തുടങ്ങി നാല് ദിവസം പിന്നിടുമ്പോഴും ശരണ വഴിയിലുള്ളത്.
ആനയെ വാങ്ങാം. തോട്ടി വാങ്ങാൻ പണമില്ലെന്ന സ്ഥിതിയാണ്. മോട്ടർ വാഹന വകുപ്പിൻ്റെ വാഹനങ്ങൾ നിര നിരയായുണ്ട്. പരിശീലനം നൽകി ഉദ്യോഗസ്ഥരെയെല്ലാം ചുമതലപ്പെടുത്തി. ദൈനംദിന പ്രവർത്തനത്തിന് വേണ്ട മതിയായ തുക ഇനിയും അനുവദിച്ചിട്ടില്ല. റോഡ് നീളെ സുരക്ഷാ ക്യാമറ സ്ഥാപിക്കാനായില്ല. എന്തിനേറെ വണ്ടി നീങ്ങണമെങ്കിൽ ഇന്ധനം അടിക്കണം. അതിനുള്ള പൂർണമായ തുകയും അനുവദിച്ചില്ല. ഫലത്തിൽ ബോർഡ് വച്ചതൊഴിച്ചാൽ സേഫ് സോൺ പദ്ധതി സേഫായി ഇലവുങ്കലിലുണ്ട്.
ശബരിമല ദർശനത്തിന് എത്തുന്ന ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള സ്വാമിമാരുടെ സുരക്ഷയ്ക്ക് റോഡ് സുരക്ഷാ അതോറിറ്റി അത്ര കണ്ട് പ്രാധാന്യം നൽകുന്നില്ലെന്ന് വ്യക്തം. അപകടരഹിത തീർഥാടനം ലക്ഷ്യമിട്ട് വർഷങ്ങളായി മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന സേഫ് സോൺ പദ്ധതി സുരക്ഷിത തീർഥാടനത്തിന് സഹായമായിരുന്നു.