വനംവകുപ്പിന്റെ കോന്നി–അടവി–ഗവി ടൂർ പാക്കേജ് മുടങ്ങിയിട്ട് ആറുമാസത്തിലധികമാകുന്നു. യാത്ര നിലച്ചതോടെ വാഹനങ്ങൾ തുരുമ്പെടുക്കുകയാണ്. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ ജോലിയും ഇല്ലാതായിരിക്കയാണ്. കെ.എസ്.ആർ.ടി.സി.ബജറ്റ് ടൂറിസം പദ്ധതി ലാഭകരമായി തുടരുമ്പോഴാണ് വനംവകുപ്പിന്റെ പ്രധാന ടൂർ പാക്കേജ് നിലച്ചത്.
2015-ൽ തുടക്കം കുറിച്ച കോന്നി– അടവി– ഗവി വിനോദസഞ്ചാര യാത്രയ്ക്ക് വലിയ സ്വീകാര്യത ആയിരുന്നു. 2200 രൂപയായിരുന്നു ഒരാള്‍ക്ക്. 17 പേര്‍ക്ക് സഞ്ചരിക്കാവുന്ന വണ്ടികള്‍. കോന്നി ആനക്കൂട്ടില്‍ നിന്ന് തുടങ്ങി തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് കക്കി, ആനത്തോട് വഴി ഗവിയിലേക്ക് പോകുന്ന ടൂർ പാക്കേജ്. വനംവകുപ്പിന്റെ കോന്നി വന വികാസ ഏജൻസിയുടെ കീഴിൽ മണ്ണീറ തലമാനം വനസംരക്ഷണ സമിതിയായിരുന്നു യാത്രയുടെ നടത്തിപ്പുകാർ.
എന്നാൽ പിന്നീട് തലമാനം സമിതിയെ ഒഴിവാക്കി വന വികാസ ഏജൻസി നേരിട്ട് ചുമതല ഏറ്റെടുത്തു. പിന്നീട് ആരും കൃതമായി നോക്കാനില്ലാതെ പദ്ധതി നിലച്ചു. മാറി വരുന്ന ഉദ്യോഗസ്ഥരുടെ താല്‍പര്യം ഇല്ലായ്മയാണ് പ്രധാന തടസമായത്. പദ്ധതിക്കായി ടൂറിസം വകുപ്പ് അനുവദിച്ച രണ്ട് വാഹനങ്ങളിൽ ഒരെണ്ണം അടുത്തിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരിച്ചെത്തിച്ചിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ വാഹനംതുരുമ്പെടുത്ത് കിടക്കുന്നു. നിലവിലെ സാങ്കേതിക തടസ്സങ്ങൾ ഉടൻ പരിഹരിച്ച് യാത്രം ഉടന്‍ തുടങ്ങുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.