തിരുവനന്തപുരം നഗരപരിധിയില്‍ നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കോര്‍പ്പറേഷന്‍. ഒഴിപ്പിക്കലില്‍ രാഷ്ട്രീയവും വ്യക്തി സ്വാധീനവും കലരുന്നുവെന്നാണ് തട്ടുകട നടത്തിപ്പുകാരുടെ ആക്ഷേപം. വൃത്തിഹീനമായ അന്തരീക്ഷത്തിലും കാല്‍നടയാത്ര തടസപ്പെടുത്തിയും പ്രവര്‍ത്തിച്ചിരുന്ന 32 തട്ടുകടകളാണ് ഒഴിപ്പിച്ചത്.
രുചികരമായ ഭക്ഷണം ന്യായവിലയില്‍. അധികം കാത്തിരിക്കാതെ വിശപ്പകറ്റാമെന്ന പ്രത്യേകതയും. സാധാരണക്കാരന്‍റെ ഭക്ഷണശാലയെന്ന നിലയില്‍ ദേശപരിധി വ്യത്യാസമില്ലാതെ തട്ടുകടയ്ക്ക് പ്രചാരമാണ്. ഇഷ്ടക്കൂടുതലുള്ള ഇടമാണെങ്കിലും തട്ടുകടകളില്‍ ചിലത് ഗുരുതര നിയമലംഘനം നടത്തുന്നുവെന്നാണ് ആക്ഷേപം. വൃത്തിഹീനമായ അന്തരീക്ഷം. കാല്‍നടയാത്ര പോലും തടസപ്പെടുത്തിയുള്ള പ്രവര്‍ത്തനം. രാത്രികാലങ്ങളില്‍ തട്ടുകട കേന്ദ്രീകരിച്ച് സംഘര്‍ഷം ഉള്‍പ്പെടെ. ഈമട്ടില്‍ നിയമലംഘനം കണ്ടെത്തിയ തിരുവനന്തപുരം നഗരത്തിലെ തട്ടുകടകള്‍ ഒഴിപ്പിച്ച് തുടങ്ങി. വഴുതയ്ക്കാട്, വെള്ളയമ്പലം, തമ്പാനൂര്‍ എന്നിവിടങ്ങളിലെ തട്ടുകളാണ് ഒഴിപ്പിച്ചത്. ചിലര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉപദ്രവിക്കരുതെന്നും ആശങ്കയുണ്ടെന്നും തട്ടുകട നടത്തിപ്പുകാര്‍.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവ പൂട്ടുക തന്നെ വേണമെന്ന് ഉപഭോക്താക്കളും. എന്നാല്‍ കടകള്‍ ഒഴിപ്പിക്കുന്നതില്‍ വിവേചനമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രാഷ്ട്രീയ താല്‍പര്യവും, ഹോട്ടല്‍ മുതലാളിമാരില്‍ ചിലരുടെ സമ്മര്‍ദവും കാരണമാണ് ചിലയിടങ്ങളിലെ കടകള്‍ മാത്രം ഒഴിവാക്കിയതെന്നാണ് ആക്ഷേപം. ഇക്കാര്യം അടിസ്ഥാനരഹിതമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധനയുണ്ടാവുമെന്നും കോര്‍പറേഷന്‍ വിശദീകരണം.