തിരുവനന്തപുരം കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. തിരഞ്ഞെടുപ്പ് ഇല്ലാത്ത ധനകാര്യ സ്ഥിരം സമിതി ഉൾപ്പെടെ ഏഴ് കമ്മിറ്റികൾ ബിജെപി ഉറപ്പിച്ചു. അതേസമയം, നികുതി അപ്പീൽ സ്ഥിര സമിതിയിലേക്ക് ഒരു ബിജെപി അംഗം മാത്രം നാമനിർദേശ പത്രിക സമർപ്പിച്ചാൽ മതിയെന്ന് പാർട്ടി നിർദേശിച്ചതോടെ അത് പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പായി.
വാശിയേറിയ മേയർ, ഡെപ്യൂട്ടി മേയർ തിരഞെടുപ്പിന് ശേഷം നടക്കുന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ബിജെപി കരുതലോടെ നീങ്ങുമ്പോൾ പാർട്ടിക്കുള്ളിൽ അമർഷവും പുകയുകയാണ്. തിരഞ്ഞെടുപ്പ ഇല്ലാത്ത ധനകാര്യ സ്ഥിര സമിതിയിൽ 7 അംഗങ്ങളെ ഉൾക്കൊള്ളിച്ചും നികുതി അപ്പീൽ സ്ഥിര സമിതി അധ്യക്ഷ സ്ഥാനം ഉറപ്പിക്കാതെയുമാണ് ബിജെപി നേതൃത്വം കൗൺസിലർമാരെ വിന്യസിച്ചിട്ടുള്ളത്. ക്ഷേമ കാര്യ സമിതിയിൽ വെള്ളാർ കൗൺസിലർ വി.സത്യവതിയും മരാമത്ത് സ്ഥിര സമിതിയിൽ കാലടി കൗൺസിലർ ജി.എസ്.മഞ്ജുവും അധ്യക്ഷരായേക്കും.
നഗരാസൂത്രണ സ്ഥിര സമിതിയിൽ കരമന അജിത്തും വിദ്യാഭ്യാസ കായിക സ്ഥിര സമിതിയിൽ ചെമ്പഴന്തി ഉദയനും അധ്യക്ഷരാകും. ആരോഗ്യ കാര്യ സമിതി അധ്യക്ഷ സ്ഥാനം ബി ജെ പിക്ക് പിന്തുണ നൽകിയ സ്വതന്ത്ര അംഗത്തിന് നൽകുന്നതോടെ എം.ആർ. ഗോപന് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷനാകാം. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ കാര്യം സ്ഥിര സമിതികളിൽ 13 വീതം അംഗങ്ങളും മരാമത്ത്, നഗരാസൂത്രണം, നികുതി– അപ്പീൽ, വിദ്യാഭ്യാസ– കായിക സ്ഥിര സമിതികളിൽ 12 വീതം അംഗങ്ങളുമാണുള്ളത്.
ഓരോ കൗൺസിലറും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗമായിരിക്കും. ബജറ്റ് പാസാക്കേണ്ട ധനകാര്യ സമിതിയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ടി അപ്രധാനമായ നികുതി– അപ്പീൽ സമിതിയിലേക്ക് ഒരാളെ മാത്രം നാമനിർദേശം ചെയ്താണ് ബി ജെ പി നീക്കം. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധമുണ്ട്. അതേസമയം, ഒരു സ്ഥിര സമിതിയിലേക്കും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കേണ്ട എന്നാണ് യുഡിഎഫ് തീരുമാനം എന്നറിയുന്നു. എന്നാൽ എൽഡിഎഫ് അധ്യക്ഷ സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചേക്കും.