പത്തനംതിട്ട പന്തളത്ത് 22 അടി ഉയരമുള്ള അയ്യപ്പന്‍റെ ദാരുശില്പം തയ്യാറാകുന്നു. കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അത്ത മഹോൽസവത്തിനായാണ് ദാരുശിൽപം നിർമിക്കുന്നത്. ദാരുശിൽപകലാകാരൻ വിളയിൽ വാസുദേവൻ ആചാരിയുടെ നേതൃത്വത്തിലാണ് നിർമാണം.
അയ്യപ്പന്‍റെ ജന്മനാടെന്ന് അറിയപ്പെടുന്ന പന്തളത്താണ് പൂർണ്ണമായും തടിയിൽ തീർക്കുന്ന അയ്യപ്പന്‍റെ ദാരുശിൽപം ഒരുങ്ങുന്നത്. 2023 ഏപ്രിലിലാണ് നിർമാണം തുടങ്ങിയത്. തലയും കാലുകളും കൈകളും പൂർണമായി. പുലിപ്പുറത്തേറിയ അയ്യപ്പന്‍റെ ഉടലും പുലിയുമാണ് ഇനി ബാക്കിയുള്ളത്.
35 ലക്ഷം രൂപ വരെ ചെലവിലാണ് നിർമാണം. സ്വാമി അയ്യപ്പൻ കെട്ടുത്സവ സമിതിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2026-ലെ അത്തമഹോത്സവത്തിന് നിർമാണം പൂർത്തിയാക്കി ദാരുശിൽപം ക്ഷേത്രാങ്കണത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് സംഘത്തിന്‍റെ പ്രതീക്ഷ.