ക്ഷീരവികസന വകുപ്പിന്‍റെ സബ്സിഡി വിശ്വസിച്ച് പശുഫാം തുടങ്ങി കുടുങ്ങിയിരിക്കുകയാണ് അടൂരിലെ ക്ഷീരകര്‍ഷകയായ അശ്വതിയും കുടുംബവും.നാലര ലക്ഷം രൂപ സബ്സിഡി കിട്ടുന്ന പദ്ധതി അനുവദിച്ചതോടെയാണ് 11 ലക്ഷത്തോളം വായ്പ എടുത്തത്. സബ്സിഡി കൊടുക്കാതെ വഞ്ചിച്ചതോടെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പാടുപെടുകയാണ് കുടുംബം.ഇനി ആരും ഈ കുരുക്കില്‍ വീഴരുതെന്ന് അശ്വതി പറയുന്നു.
അടൂര്‍ നെല്ലിമുകള്‍ സ്വദേശിനി അശ്വതിക്ക് രണ്ട് പശുക്കള്‍ ഉണ്ടായിരുന്നു.അപ്പോഴാണ്2024–25വര്‍ഷത്തെ എംഎസ്ഡിപി പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്.11.6ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഡയറി യൂണിറ്റിന് 4.60ലക്ഷം സബ്സിഡി കിട്ടുന്നതായിരുന്നു പദ്ധതി.
പത്ത് പശുക്കള്‍ വേണമെന്നതിനാല്‍ ലോണെടുത്തു.പശുക്കളെ വാങ്ങി,തൊഴുത്ത് വിപുലമാക്കി.ബയോഗ്യാസ് പ്ലാന്‍റ് നിര്‍മിച്ചു. സബ്സിഡി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധികാരണം പദ്ധതി റദ്ദാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.ഇനി പദ്ധതി വരുമ്പോള്‍ പരിഗണിക്കാം എന്നും ഉറപ്പു നല്‍കി.ഇപ്പോള്‍25000രൂപയോളമാണ് മാസം ബാങ്കിലേക്ക് തിരിച്ചടയ്ക്കേണ്ടത്.സബ്സിഡി കിട്ടിയിരുന്നെങ്കില്‍ 15000രൂപയാകുമായിരുന്നു മാസ അടവ്.
ഇങ്ങനെ ദുരിതത്തിലിരിക്കെയാണ് വീണ്ടും പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചതിനാല്‍ ഇനി കിട്ടില്ലെന്ന അറിയിപ്പു വന്നു. പുതിയതായി ചേരുന്നവര്‍ ഈ ചതി പറ്റാതെ നോക്കണം എന്ന് അശ്വതി.
അശ്വതി കൂടുതല്‍ പരാതി നല്‍കിയതോടെ ബാങ്ക് പലിശ ഇനത്തിലേക്കായി 42000 രൂപ വകുപ്പ് അനുവദിച്ചു. അതുകൊണ്ടും കടം തീരില്ല. മോഹിപ്പിച്ച് കടക്കെണിയിലാക്കിയ വകുപ്പിനെതിരെ കൂടുതല്‍ പരാതി നല്‍കാനാണ് കുടുംബ്തിന്‍റെ തീരുമാനം.