വയനാട് ചീങ്ങേരി ട്രൈബൽ ഫാം ആളും പേരുമില്ലാതെ നശിക്കുന്നു. 182 ഏക്കർ ഉള്ള ഫാമിൽ വെറും 11 തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്.
പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനത്തിനും സ്ഥിര വരുമാനത്തിനുമായി ആരംഭിച്ചതാണ് ഈ കാണുന്ന ചീങ്ങേരി ട്രൈബൽ ഫാം. തുടക്കകാലത്ത് തൊണ്ണൂറിലേറെ തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇന്ന് മൂന്ന് സ്ത്രീകളും എട്ട് പുരുഷന്മാരും മാത്രമാണുള്ളത്. ഇത്രയും തൊഴിലാളികളെ വെച്ച് 182 ഏക്കറിലെ കൃഷി എങ്ങനെ നോക്കാനാകുമെന്നാണ് കർഷകർ ചോദിക്കുന്നത്. ചീങ്ങേരി ഫാമിൻ്റെ പ്രധാന വിള 100 ഏക്കറോളം വരുന്ന കാപ്പിക്കൃഷിയാണ്. തൊഴിലാളികളുടെ കുറവും വേണ്ടത്ര പരിപാലനവും ലഭിക്കാത്തതുമൂലം കാപ്പിചെടികൾ നാശത്തിൻ്റെ വക്കിലാണ്. സുരക്ഷാ വേലിയോ സുരക്ഷ സംവിധാനങ്ങളോയില്ലാത്തതിനാൽ കാപ്പിക്ക് മൂപ്പാകുമ്പോൾ മോഷണവും പതിവാണ്.
കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയാൽ ഇവിടെ നിന്ന് സർക്കാരിന് ലക്ഷങ്ങളുടെ വരുമാനവും ഒട്ടേറെ പേർക്ക് തൊഴിലും ലഭിക്കും. തൊഴിലാളികളെ നിയമിച്ച് വിളകൾക്ക് കൃത്യമായ പരിപാലനം ഒരുക്കണമെന്ന് മാത്രം. ഇപ്പോൾ നശിച്ചികൊണ്ടിരിക്കുന്ന ഫാമിനെ സംരക്ഷിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്നാണ് ഒരു നാടിന്റെ ആവശ്യം.