കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം പുഴയില്‍ സജീവമായി കല്ലുമ്മക്കായ കൃഷി. സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഒരുപറ്റം നാട്ടുകാര്‍ പ്രതീക്ഷയോടെ കൃഷി തുടങ്ങിയത്. മുന്‍വര്‍ഷങ്ങളിലെ പ്രതിസന്ധികളെ അതീജീവിച്ച് ജില്ലാ പഞ്ചായത്തിന്‍റെ കൂടി പിന്തുണയോടെയാണ് പുഴയിലെ കൃഷി.
പുഴയിലിങ്ങനെ മുളകള്‍ കുത്തിനിര്‍ത്തിയിരിക്കുകയാണെന്നേ തോന്നൂ. എന്നാല്‍ അതിനടിയില്‍ നല്ല കല്ലുമ്മക്കായ വളരുകയാണ്. മുളകളില്‍ പ്രത്യേകതരം വീതിയുള്ള കയറുകള്‍ കെട്ടി, അതിലാണ് കല്ലുമ്മക്കായ വളരുന്നത്. ഒരു മീറ്റര്‍ നീളമുള്ള 1200 കയറുകളാണിങ്ങനെ വെള്ളത്തിനടിയില്‍. ജില്ലാ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിക്കുന്ന സബ്‍സിഡിയാണ് ഈ കര്‍ഷകര്‍ക്ക് താങ്ങാകുന്നത്. ജനുവരി ആദ്യവാരം തുടങ്ങിയ കല്ലുമ്മക്കായ കൃഷി മാര്‍ച്ച് അവസാനത്തോടെ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷങ്ങളിലും കല്ലുമ്മക്കായ കൃഷിയില്‍ വിജയം കൊയ്യാന്‍ ഈ കൂട്ടായ്മകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനിടയ്ക്കെത്തിയ മലവെള്ളപ്പാച്ചില്‍ കൃഷി പാടെ നശിപ്പിച്ചു. ഈ കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്ന് പുതിയ പാഠങ്ങള്‍ മനസിലാക്കിയാണ് വെല്ലുവിളികളെ അതിജീവിച്ച് ഇവര്‍ മുന്നേറുന്നത്.