road-kuzhi

നാലാംദിവസവും മൂടാതെ പത്തനംതിട്ട നഗരമധ്യത്തില്‍ പൈപ്പ് പൊട്ടിയുണ്ടായ ഗര്‍ത്തം. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന നഗരഹൃദയത്തിലാണ് കുഴി.നഗരത്തില്‍ പൈപ്പ് പൊട്ടി വന്‍ കുഴികള്‍ രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്.

വേണമെങ്കില്‍ ഒരു ആനയെ വീഴ്ത്താവുന്ന കുഴിയാണ്. പത്തനംതിട്ട നഗരത്തിന്‍റെ ചങ്കില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ രാപ്പകല്‍ പായുന്ന റോഡാണ്.കുഴിയുടെ കരയില്‍ മിനി സിവില്‍ സ്റ്റേഷനുണ്ട്.അതിനുള്ളില്‍ കോടതിയുണ്, താലൂക്ക് ഓഫിസ് അടക്കം ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളുണ്ട്.കണ്ണൊന്ന് തെറ്റിയാല്‍ വാരിക്കുഴിയില്‍ വീഴാനുള്ള അവസരവുമുണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന റിബണ്‍ കെട്ടി കുഴി തടഞ്ഞിട്ടുമുണ്ട്.റോഡൊന്നു ടാറിട്ടു മിനുക്കിയ വെള്ളിയാഴ്ച രാത്രിയാണ് പൈപ്പ് പൊട്ടി കുഴിയായത്

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഉണരാറായില്ലെന്ന് വ്യാപാരികള്‍ പറയുന്നു. രണ്ട് മാസം മുന്‍പ് നൂറ് മീറ്റര്‍ മാറി സമാനമായി പൈപ്പ് പൊട്ടി ഒരു വാരിക്കുഴി ഉണ്ടായിരുന്നു.അഞ്ചാംദിവസം കാഴ്ചയില്ലാത്ത ഒരാള്‍ കുഴിയില്‍ വീണതോടെ ഉദ്യോഗസ്ഥര്‍ ഞെട്ടി ഉണര്‍ന്ന് കുഴി നികത്തി. ഇനി ഉദ്യോഗസ്ഥരെ ഞെട്ടിക്കാന്‍ എന്ത് ചെയ്യണമെന്നാണ് യാത്രക്കാരും സമീപത്തെ കടക്കാരും ചോദിക്കുന്നത്.

ENGLISH SUMMARY:

For the fourth consecutive day, a crater caused by a burst pipe remains unattended in the heart of Pathanamthitta town. The pit has formed on a busy road through which thousands of vehicles pass daily. Pipe bursts leading to large craters have become a frequent occurrence in the town