മരം വീണ് വീടില്ലാതായ കുടുംബത്തിന് മനോരമ ന്യൂസ് വാർത്തയിലൂടെ വീട് ഒരുങ്ങുന്നു. പത്തനംതിട്ട അടൂർ ഏനാത്ത് സ്വദേശി ശശികലയുടെ വീടിനു മുകളിലേക്കാണ് കഴിഞ്ഞ മാസം കാറ്റിൽ മരങ്ങൾ വീണത്.അടൂർ സ്വദേശിയായ ഫാദർ റിഞ്ചു പി.കോശിയാണ് ശശികലയ്ക്കായി വീട് നിർമ്മിക്കുന്നത്.
കഴിഞ്ഞ മെയ് 30ന് ശശികലയുടെ വീട്ടിലെത്തുമ്പോൾ കാണുന്ന കാഴ്ച ഇതായിരുന്നു.ആഞ്ഞിലിയും പ്ലാവും വീണ് വീട് പൂർണമായും തകർന്നു.ശശികലയുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഭർത്താവ് പക്ഷാഘാതം ബാധിച്ച് ആരോഗ്യം നശിച്ച അവസ്ഥയിലാണ്. ആരുടെയെങ്കിലും സഹായമില്ലാതെ വീട് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മനോരമ ന്യൂസ് വാർത്ത കണ്ട് ഫാദർ റിഞ്ചു പി.കോശി എത്തുന്നത്.പഴയ വീടിന്‍റെ ഭാഗങ്ങൾ പൊളിച്ചു തുടങ്ങി.അഞ്ചുമാസത്തിനകം പണിതീർക്കാൻ ആണ് പദ്ധതി.
ശശികലയും കുടുംബവും കൊല്ലം ജില്ലയിലെ നിലമേലാണ് ഇപ്പോൾ താമസം. തന്‍റെ ഇടപെടലിലുള്ള നൂറ്റി ഇരുപത്തിയാറാമത്തെ വീടാണെന്ന് ഫാ.റിഞ്ചു പറയുന്നു. മാങ്കുളം ഹെര്‍മോന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരിയാണ് അധ്യാപകന്‍ കൂടിയായ ഫാ.റിഞ്ചു പി കോശി.