ദേവസ്വംബോര്‍ഡിന് ബാധ്യതയായി കല്ലിട്ടു മിനുക്കിയ ശബരിമല പരമ്പരാഗത നീലിമലപാത. മഴക്കാലത്ത് തീര്‍ഥാടകര്‍ തെന്നിവീഴാന്‍ തുടങ്ങിയതോടെ നീലിമലയാത്ര വിലക്കിയിരിക്കുകയാണ്. അപകടസാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ചിങ്ങമാസ പൂജയ്ക്കുമുമ്പ് പരിഹരിക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
കല്ലുംമുള്ളും കാലുക്കുമെത്തൈ എന്ന് വിളിച്ച് തീര്‍ഥാടകര്‍ ശബരിമല കയറിയിരുന്ന പരമ്പരാഗത നീലിമല പാതയാണ് രണ്ട് വര്‍ഷം മുന്‍പ് കല്ലിട്ടു മിനുക്കിയത്.കേന്ദ്രസര്‍ക്കാരിന്‍റെ സ്വദേശി ദര്‍ശന്‍ പദ്ധതിപ്രകാരം12 കോടി ചെലവിട്ടു കല്ലുപാകി.കുത്തു കയറ്റങ്ങളെല്ലാം കല്‍പ്പടവുകളാക്കി.രണ്ട് കിലോമീറ്ററിലധികം ദൂരമാണ് കല്ലുപാകിയത്.ഒരുഭാഗത്ത് ആംബുലന്‍സിന് പോകാന്‍ പാകത്തിന് പരുക്കന്‍ കോണ്‍ക്രീറ്റിട്ട ഭാഗവുമുണ്ട്.
നിര്‍മാണ സമയത്ത് പരുക്കന്‍ കല്ലുകളാണ് നിരത്തിയതെങ്കിലും തീര്‍ഥാടക ലക്ഷങ്ങള്‍ ചവിട്ടിക്കയറി മിക്കയിടത്തും കല്ല് മിനുങ്ങി.മഴ പെയ്യുന്നതോടെ കല്ലില്‍ പായല്‍ പിടിച്ച് വഴുക്കലാകും. ഒപ്പം മരങ്ങളിലെ ഇലകള്‍ വീണ് അഴുകുന്നതും ചെളി ഒഴുകി നിറയുന്നതും വഴുക്കല്‍ ഇരട്ടിയാക്കും. എത്ര ശുചീകരിച്ചാലും വഴുക്കല്‍ മാറാത്ത സ്ഥിതി.കഴിഞ്ഞദിവസങ്ങില്‍ ഒട്ടേറെ തീര്‍ഥാടകര്‍ക്ക് വീണു പരുക്കേറ്റിരുന്നു.ഇതോടെയാണ് ഇതുവഴിയുള്ള യാത്ര വിലക്കിയത്.കല്ലുകള്‍ പരുക്കനാക്കാന്‍ നടപടി എടുക്കുമെന്നും എസ്റ്റിമേറ്റ് എടുക്കാന്‍ മരാമത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കിയെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് പറഞ്ഞു
കല്ലിട്ടു തുടങ്ങിയപ്പോള്‍ തന്നെ കാലക്രമത്തില്‍ മിനുസപ്പെടാനുള്ള സാധ്യത പലരും പറഞ്ഞിരുന്നതാണ്. നിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് പോകുന്നതും വരുന്നതും. മഴസമയത്ത് കൂടുതല്‍ തീര്‍ഥാടരെത്തിയാല്‍ തിരക്ക് നിയന്ത്രണം ബുദ്ധിമുട്ടാകും.പൂര്‍ണമായും ഉണങ്ങിയാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ നീലിമലപാത ഉപയോഗിക്കാന്‍ കഴിയൂ.