തിരുവല്ല കോമളത്ത് പാലം പണിക്കൊരു കാവലാളുണ്ട്. നിർമാണ വസ്തുക്കൾ പൊന്നുപോലെ സുരക്ഷിതമാക്കുന്ന, തൊഴിലാളികൾക്കൊപ്പം കട്ടക്ക് കൂടെ നിക്കുന്ന, അപരിചിതരെ ഇടംവലം നോക്കാതെ അകറ്റിനിർത്തുന്ന ഒരാൾ. ചക്കി എന്ന നായ.
ഒരു വിളിപ്പാടകലെ ചക്കി എപ്പോഴുമുണ്ടാകും. ആലപ്പുഴയിലെ പണിയിടത്തിൽ പിറന്നു വീണത് മുതൽ ചക്കി കോൺട്രാക്ടർക്കും കൂട്ടർക്കും പ്രിയപ്പെട്ടവളാണ്. കോമളം പാലത്തിന്റെ പണി തുടങ്ങിയപ്പോൾ തൊഴിലാളികൾക്കൊപ്പം അവളും ഇവിടേക്ക് ചേക്കേറി. തൊഴിലാളികളുടെയും നിർമാണവസ്തുക്കളുടെയും സംരക്ഷണച്ചുമതല സ്വന്തം കർത്തവ്യം പോലെ ഏറ്റെടുത്തു.
ഒരു നാടിന്‍റെയാകെ സ്വപ്നത്തിന് കാവൽ നിൽക്കുന്ന ഇവൾ നാട്ടുകാർക്കും പ്രിയപ്പെട്ടവളാണ്. അടുത്തമാസം പണി തീരുന്ന മുറയ്ക്ക് ചക്കി കോമളത്തിനോട് വിട പറയും. അടുത്ത സൈറ്റിലേക്ക് യാത്രയാകും. അവിടെയും കാവലാകും.