കാട്ടാന കാരണം പ്ലാവുകള്‍ വെട്ടിമാറ്റുകയാണെന്ന് പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കലെ നാട്ടുകാര്‍. നിരന്തര കാട്ടാനശല്യം കാരണം വീടുപേക്ഷിച്ചു പോയവരുമുണ്ട്. തെങ്ങുകള്‍ പൂര്‍ണമായി നശിപ്പിച്ചതിനു പിന്നാലെ മറ്റ് വിളകളിലേക്ക് ആനക്കൂട്ടം തിരിഞ്ഞു.
കാട്ടാനയെ ഓടിക്കാന്‍ പലവിധ വിദ്യകളാണ് നാട്ടുകാര്‍ പയറ്റുന്നത്. കൊച്ചുകോയിക്കല്‍ മൂന്നാം ബ്ലോക്കിലാണ് ആനശല്യം കൂടുതല്‍. ചക്ക തിന്നാന്‍ വരുന്ന ആനകളെ പേടിച്ച് പ്ലാവുകള്‍ വെട്ടിമാറ്റി.കാട്ടാന ഇറങ്ങി തെങ്ങുകള്‍ നശിപ്പിച്ചു.തെങ്ങുകള്‍ ഇല്ലാതായതോടെ കമുകിലേക്ക് തിരിഞ്ഞു.വാഴക്കൃഷി ഏറെക്കുറെ നാട്ടുകാര്‍ കൈവിട്ടു. കൃഷി ഉപേക്ഷിച്ചതോടെ തോട്ടങ്ങളില്‍ ആനയ്ക്ക് ഒളിക്കാവുന്ന വിധം കാട് വളര്‍ന്നു. വന്യമൃഗശല്യം കാരണം താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകളും നിരവധി.
കൃഷിയിടങ്ങളെല്ലാം ആന ചവിട്ടിയരച്ചിട്ടിരിക്കുന്നു.മരങ്ങള്‍ വീടുകള്‍ക്ക് മുകളിലേക്കും സോളര്‍ വേലികള്‍ക്ക് മുകളിലേക്കും മറിച്ചിടുന്നത് പതിവാണ്. നിലവിലെ സോളര്‍ വേലികള്‍ പോരെന്നും ബാറ്ററികള്‍ക്ക് ചാര്‍ജ് കുറവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.പുതിയ ബാറ്ററികള്‍ എത്തിയിട്ടുണ്ടെന്നും മഴകഴിഞ്ഞാല്‍ സ്ഥാപിക്കാമെന്നുമാണ് വനംവകുപ്പിന്‍റെ മറുപടി.