പത്തനംതിട്ട കോന്നിയില്‍ കുടുംബശ്രീ വഴിയുള്ള രണ്ട് കരാര്‍ നിയമനങ്ങളില്‍ ആള്‍മാറാട്ടം ആരോപിച്ച് ബ്ലോക്ക് പഞ്ചായത്ത്. പുതിയ ആള്‍ക്കാരെ നിയമിച്ചെങ്കിലും മുന്‍ സി.ഡി.എസ് ചെയര്‍പേഴ്സന്‍ അടക്കം പഴയ ആള്‍ക്കാര് ജോലിയില്‍ തുടരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലാണ് ജോലി അട്ടിമറിയെന്നാണ് പരാതി.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ ഐസിഡിഎസ് ,എ.എക്സ്.ഇ. ഓഫിസുകളിലെ സ്വീപര്‍ തസ്തികയിലെ കരാര്‍ നിയമനത്തിലാണ് ആരോപണം. കുടുംബശ്രീ വഴിയുള്ള നിയമനത്തില്‍ ആറ് മാസത്തെ കാലാവധി കഴിഞ്ഞാല്‍ ആളെ മാറ്റണം എന്നാണ് നിയമം.പുതിയ ആള്‍ക്കാരെ നിയമിച്ചെങ്കിലും ജോലി ചെയ്യുന്നത് കാലങ്ങളായി പഴയ ആള്‍ക്കാര്‍ എന്നാണ് ആരോപണം.
ലത മോഹന്‍ പടിപ്പുരേത്തിന് പകരം ലത രാജനും, ലത കെ ചരുവിലിന് പകരം ഉഷ ശിവനും ജോലി ചെയ്യുന്നു. ഇരുവരും സിഡിഎസ് അംഗങ്ങളും സജീവ സിപിഎം പ്രവര്‍ത്തകരുമാണ്.പരാതി കിട്ടിയതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് രണ്ടുപേരേയും ഒഴിവാക്കി.
കുടുംബശ്രീ വഴി നിയമിച്ചവര്‍ക്ക് രോഗങ്ങളടക്കം അസൗകര്യങ്ങള്‍ ഉണ്ടെന്നും തല്‍ക്കാലം പഴയ കരാര്‍ തൊഴിലാളികള്‍ സൗജന്യ സേവനം ചെയ്യുന്നു എന്നുമാണ് രണ്ട് ഓഫിസുകളിലേയും മേലധികാരികള്‍ പറയുന്നത്. സിഡിഎസ് നിര്‍ദേശിക്കുന്നവരെ ആണ് നിയമിക്കുന്നതെന്നും അന്വേഷിക്കുമെന്നും കുടുംബശ്രി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.