pamba-dress

പമ്പയിൽ നിന്ന് വാരിയ വസ്ത്രങ്ങൾ പത്തനംതിട്ട ചെന്നീർക്കരയിൽ  ഉപേക്ഷിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തീർത്ഥാടകർ പമ്പയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ വാരാൻ കരാറെടുത്ത കമ്പനിയുടെ ആൾക്കാരാണ് രാത്രി റോഡിൽ തള്ളാൻ ശ്രമിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ വലിയ ടോറസ് ലോറിയിൽ എത്തിച്ച കെട്ടുകൾ റോഡരികിൽ ഇറക്കുമ്പോഴാണ് നാട്ടുകാർ ശ്രദ്ധിച്ചത്. തൽക്കാലം സൂക്ഷിക്കുന്നതാണെന്നും തിരിച്ചെടുത്ത് കഴുകി വൃത്തിയാക്കി കൊണ്ടുപോകും എന്ന് ലോറിയിലുള്ളവർ പറഞ്ഞെങ്കിലും നാട്ടുകാർക്ക് വിശ്വാസമായില്ല. അടുത്തിടെ പമ്പയിൽ നിന്ന് വാരിയെടുത്ത വസ്ത്രങ്ങൾ പമ്പയിലേക്ക് തന്നെ എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. നാട്ടുകാർ അറിയിച്ചതോടെ പഞ്ചായത്ത് അംഗം അടക്കം എത്തിയാണ് സാധനങ്ങൾ തിരിച്ചു കയറ്റിച്ചത്

പലതരത്തിൽ ദേവസ്വം ബോർഡ് ബോധവൽക്കരണം നടത്തിയിട്ടും ഇതര സംസ്ഥാനത്തു നിന്നുള്ള തീർത്ഥാടകർ പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തുടരുകയാണ്. അടിവസ്ത്രം അടക്കമാണ് നദിയിൽ തള്ളുന്നത്. വസ്ത്രം അടിഞ്ഞുകൂടി ഒഴുക്ക് പോലും നിലയ്ക്കുന്ന സാഹചര്യമുണ്ട്. ഈ ദുരവസ്ഥ മാറ്റാനാണ് വസ്ത്രങ്ങൾ വാരിമാറ്റാൻ കരാർ നൽകിയത്. കരാർ കമ്പനിയുടെ ജീവനക്കാർ തന്നെ വസ്ത്രം പമ്പയിൽ ഉപേക്ഷിക്കുന്നതായി പലവട്ടം പരാതി ഉയർന്നിട്ടുണ്ട്

ENGLISH SUMMARY:

Locals in Chennirkkara, Pathanamthitta, foiled an attempt to dump used clothes collected from Pampa. The clothes, discarded by pilgrims, were being transported by a contractor's team who had secured the right to collect them. The attempt to dispose of the materials by the roadside at night sparked public outrage.