പത്തനംതിട്ട നാരങ്ങാനത്ത് പമ്പ ഇറിഗേഷന്‍ പദ്ധതി കനാലിന്‍റെ സമീപത്തെ താമസക്കാര്‍ പാമ്പ് ഭീതിയിൽ. അറ്റകുറ്റപ്പണി മുടങ്ങി കനാൽ കാടുമൂടിയതോടെ മൂർഖനും അണലിയും വീടുകളിലേക്ക് കയറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികൾക്ക് പാമ്പുകടിയേറ്റതോടെ പ്രതിഷേധം ശക്തമായി.
കാടുമൂടി നിൽക്കുന്ന ഈ കനാലിൽ നിന്ന് എപ്പോഴാണ് പാമ്പുകൾ പുറത്തേക്ക് വരിക എന്ന ഭയത്തിലാണ് നാരങ്ങാനം വലിയകുളം, വട്ടക്കാവുങ്കൽ നിവാസികൾ. അഞ്ചു വർഷമായി കനാൽ വൃത്തിയാക്കാത്തതിനാൽ പടർന്നു പന്തലിച്ച കാടുകൾ ഇപ്പോൾ വിഷപ്പാമ്പുകളുടെ കേന്ദ്രമായി. വീടുകളിലേക്കും പാമ്പുകള്‍ കയറുന്നത് പതിവായി. അടുത്ത കാലത്തായി പ്രദേശത്തെ ചിലർക്ക് പാമ്പുകടിയേറ്റതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
കനാലിന്റെ ഭിത്തികൾ തകർന്ന് വലിയ മാളങ്ങൾ രൂപപ്പെട്ടത് പാമ്പുകൾക്ക് സുരക്ഷിത താവളമാണ്.ഇതിന് പുറമെ കാട്ടുപന്നി ശല്യവും അതിരൂക്ഷമാണ്. 1974-ൽ നിർമ്മിച്ച കനാലിലെ വൻമരങ്ങൾ പോലും വെട്ടിമാറ്റാൻ പി.ഐ.പി അധികൃതർ തയ്യാറാകുന്നില്ല. കാടുവെട്ടി തെളിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കണമെന്ന ആവശ്യം പഞ്ചായത്തും പരിഗണിച്ചിട്ടില്ല. ജീവന് ഭീഷണിയായി നിൽക്കുന്ന കാട് അടിയന്തരമായി തെളിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.