Untitled design - 1

എംസി റോഡിൽ വാഹനം തട്ടിയതിന്‍റെ പേരില്‍ യുവാവും ഓട്ടോക്കാരും തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു. പന്തളം കുരമ്പാലയിലാണ് സംഭവമുണ്ടായത്. ഓട്ടോ റിക്ഷയിൽ ബൈക്ക് തട്ടിയതാണ് തർക്കത്തിന് കാരണം.  ഓട്ടോക്കാര്‍ കൂട്ടംകൂടി ആക്രമിച്ചതോടെ പ്രകോപിതനായ യുവാവിനെ പൊലീസെത്തിയാണ് ശാന്തനാക്കിയത്.

സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് യുവാവ് മനോരമ ന്യൂസിനോട് വിശദീകരിച്ചു. ഓട്ടോക്കാര്‍ എല്ലാവരും കൂടെ അടിക്കാന്‍ വന്നപ്പോള്‍ സ്വയരക്ഷയ്ക്കാണ് ഹെല്‍മറ്റ് എടുത്ത് വീശിയതെന്നും, അല്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് തന്നെ അടിച്ചേനെയെന്നും രാഹുൽ പറയുന്നു. 

'എനിക്ക് ഓടിയൊളിക്കേണ്ട ആവശ്യമില്ലല്ലോ, ഞാനൊരു കിക് ബോക്സറാണ്, രംഗം വഷളായതോടെ സ്വയരക്ഷയ്ക്കായി പ്രതിരോധിച്ചത് മാത്രമാണ്. ഇന്‍ഡിക്കേറ്ററിട്ട് തിരിഞ്ഞപ്പോഴാണ് ഓട്ടോ ഇടിച്ച് ഞാനും സുഹ‍ൃത്തും നിലത്ത് വീണത്. അത് കണ്ട് വന്ന ഒരു ഓട്ടോക്കാരനാണ് ആള്‍ക്കാരെയും വിളിച്ചുകൂട്ടി എന്നെ അടിക്കടാ എന്ന് പറഞ്ഞ് സീനുണ്ടാക്കിയത്. 

എന്നെ പിന്നില്‍ നിന്ന് അടിച്ചു. ആദ്യം എന്നെയാണ് മര്‍ദിച്ചത്. ഞാന്‍ രാവിലെ ജീവിത മാര്‍ഗത്തിനായി ഇറങ്ങിപ്പോകുന്ന ആളാണ്. തിന്നമിടുക്കു കാട്ടാന്‍ വന്നപ്പോഴാണ് എനിക്കങ്ങനെ പെരുമാറേണ്ടി വന്നത്.  പറ്റുന്ന രീതിയില്‍ ഞാന്‍ അവിടെ ഫൈറ്റ് ചെയ്തത് വേറെ വഴിയില്ലാഞ്ഞിട്ടാണ്. ഞാന്‍ കിക് ബോക്സറാണ്. ആ മനോധൈര്യമുണ്ട്. വേറെ ഒരാളായിരുന്നുവെങ്കില്‍ അവര്‍ അടിച്ച് ഒരു പരുവമാക്കിയേനെ. കേസ് ഒത്തുതാര്‍പ്പാക്കി. 

ഞാന്‍ നാഷണല്‍ ലെവലില്‍ ബോക്സിങ്ങില്‍ പോയിട്ടുള്ള ആളാണ്. ജനുവരി രണ്ടിന് എനിക്ക് എറണാകുളത്ത് ബോക്സിങ്ങുണ്ട്. അതിനുള്ള പരിശീലനത്തിലാണ്. ‍ഞാന്‍ ഗുണ്ടയല്ല. അച്ഛനില്ല എനിക്ക്, അമ്മയും അനിയനും മാത്രമേ ഉള്ളൂ. വീട് നോക്കുന്നത് ഞാനല്ല.  അവരെ അറ്റാക്ക് ചെയ്യാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്‍റെ രീതിക്ക് അത് ചെയ്യാമായിരുന്നു. ഞാന്‍ ക്രിമിനലൊന്നുമല്ല'. – അദ്ദേഹം വ്യക്തമാക്കുന്നു. 

യുവാവ് ഹെൽമെറ്റ് ഉപയോഗിച്ച് നാട്ടുകാരേയും ഓട്ടോ ഡ്രൈവറേയും  ചെറുക്കുന്നത് വിഡിയോയില്‍ വ്യക്തമായിരുന്നു.  ഓട്ടോ ഡ്രൈവർ ഹരിക്കും മർദ്ദനമേറ്റു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും, അയാള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ കമന്‍റ് ബോക്സ് മുഴുവന്‍ യുവാവിന് അനുകൂലവും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രതികൂലവുമാണ്.  

ENGLISH SUMMARY:

MC Road Fight refers to the incident where a kickboxer defended himself against a group of auto drivers following a road accident in Kerala. The altercation, captured in a viral video, sparked public debate, with many supporting the kickboxer's actions.