തിരുവല്ല കുമ്പഴ റോഡിൽ വള്ളംകുളത്ത് റോഡിൽ ഉണ്ടായ കുഴികൾ അപകട ഭീഷണിയാകുന്നു. തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോകുന്ന പ്രധാന പാതയിലാണ് കുഴികൾ രൂപപ്പെട്ടത്. കുഴികളിൽ മഴവെള്ളം കൂടി നിറഞ്ഞതോടെ കൽനടയാത്രക്കാർ ഉൾപ്പെടെ വലയുകയാണ്.
ശക്തമായ മഴ പെയ്തതോടെയാണ് രണ്ടാഴ്ച മുമ്പ് വള്ളംകുളത്ത് റോഡിൽ കുഴികൾ രൂപപ്പെട്ടത്. വാഹനം കയറിയിറങ്ങി കുഴികൾ വലുതായി. വെള്ളം കൂടി നിറഞ്ഞതോടെ കുഴിയുടെ ആഴം പോലും തിരിച്ചറിയാനാകാത്ത നിലയാണ്. കുഴികളിൽപെട്ട് നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനം മറ്റു വാഹനങ്ങളിൽ പോയി ഇടിച്ചാണ് അപകടങ്ങളിൽ ഏറെയും. കുഴി കണ്ട് വാഹനത്തിൻ്റെ വേഗത പെട്ടെന്ന് കുറയ്ക്കുന്നതും അപകടമുണ്ടാക്കുന്നു.
തിരുവല്ല എസ്.സി.എസിന് സമീപവും പബ്ലിക് സ്റ്റേഡിയത്തിന് സമീപവും കുഴികൾ രൂപപ്പെട്ടിരുന്നെങ്കിലും താൽക്കാലികമായി അടച്ചു. പക്ഷേ വള്ളംകുളത്ത് മാത്രം പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാർ. വഴി കുരുതിക്കളം ആകുന്നതിനു മുൻപെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.