കോന്നി മെഡിക്കല്‍ കോളജ് പരിസരത്ത് പുല്ലുതേടിയിറങ്ങുന്ന കാട്ടുപോത്തുകളെ ഭയന്നാണ് നാട്ടുകാരുടെ ജീവിതം. കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി കാട്ടുപോത്തിറങ്ങി. മെഡിക്കല്‍ കോളജ് റോഡിലും പരിസരത്തും കറങ്ങി നടന്നാണ് കാട്ടുപോത്തിന്‍റെ മടക്കം
വ്യാഴാഴ്ച രാത്രിയാണ് നഴ്സിങ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന് സമീപം ആദ്യമായി കാട്ടുപോത്തിനെ കണ്ടത്.അടുത്ത ദിവസം പുലര്‍ച്ചെയും കാട്ടുപോത്തിറങ്ങി. നഴ്സിങ് ഹോസ്റ്റലിനും,വീടുകള്‍ക്കും സമീപത്തിറങ്ങിയ കാട്ടുപോത്ത് റോഡിലേക്കും ഇറങ്ങി. വാഹനങ്ങളെ ഒരു ഭയവുമില്ലാതെയാണ് കാട്ടുപോത്തിന്‍റെ സ്വൈര്യ വിഹാരം. പ്രദേശത്തെ പോത്തിന്‍റെ സാനിധ്യം നാട്ടുകാര്‍ക്ക് പുറത്തിറങ്ങുന്നതില്‍ ആശങ്കയുണ്ടാക്കുന്നു.
മുമ്പ് ഇറങ്ങിയ കാട്ടുപോത്തുകളെ ഏറെ പണിപ്പെട്ടാണ് കാടുകയറ്റിയത്. വനമേഖലയ്ക്ക് അടുത്താണ് കോന്നി മെഡിക്കല്‍ കോളജ്, നേരത്തേ കാട്ടാനക്കൂട്ടവും കാട്ടുപന്നിയുമായിരുന്നു ആളുകളെ ഭയപ്പെടുത്തിയിരുന്നത്. തുടര്‍ച്ചയായി കാട്ടുപോത്തുകളെ കണ്ടതോടെ പേടികൂടി. വനപാലകരുടെ സജീവമായ ഇടപെടലാണ് നാട്ടുകാരുടെ ആവശ്യം.