america

അമേരിക്കയിലെ വന്യജീവി സംരക്ഷണ വകുപ്പ് ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്, കാരണം മറ്റൊന്നുമല്ല, അവിടുത്തെ പ്രാദേശിക ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും പൂർണ്ണമായി തകർക്കാൻ ശേഷിയുള്ള ഒരു ജീവി ജനവാസ മേഖലകളിലേക്ക് എത്തിയിരിക്കുന്നു. അർജന്റീനൻ ബ്ലാക്ക് ആൻഡ് വൈറ്റ് ടെഗു എന്ന് വിളിക്കുന്ന, ഏകദേശം നാല് അടിയിലധികം നീളവും പത്ത് പൗണ്ടിലധികം ഭാരവുമുള്ള ഒരു ഭീമൻ ഉടുമ്പ് വർഗത്തിൽപ്പെട്ട പല്ലിയാണിത്. 

അമേരിക്കയിലെ ജോർജിയ, ഫ്ലോറിഡ തുടങ്ങിയ ഇടങ്ങളിൽ ഇപ്പോൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഈ ഭീമൻ പല്ലി. സാധാരണയായി തെക്കേ അമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഇവയെ കണ്ടുവന്നിരുന്നത്. എന്നാൽ, വിദേശത്തുനിന്നും അപൂർവ്വ ഇനം ജീവികളെ വാങ്ങി വളർത്തുന്ന പെറ്റ് ട്രേഡ് മാഫിയയും ഉത്തരവാദിത്തമില്ലാത്ത ചില വളർത്തുമൃഗ സ്നേഹികളുമാണ് ഈ ഭീമന്മാർ ഫ്ലോറിഡയിലും ജോർജിയയിലും എത്താൻ ഇടയാക്കിയത്. 

വീടുകളിൽ വളർത്തിയിരുന്നവർ ഇവയ്ക്ക് വലുപ്പം വച്ചതോടെ കാട്ടിലേക്കും മറ്റു ജനവാസമേഖലകളിലേക്കും തുറന്നുവിട്ടു. എന്തായാലും ഇപ്പോൾ അതൊരു പാരിസ്ഥിതിക ദുരന്തത്തിനാണ് വഴിവെച്ചിരിക്കുന്നത്. കാരണം, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് ഈ ഭീമൻ പല്ലികൾ എന്തും ഭക്ഷിക്കും.

മുന്നില്‍പ്പെടുന്ന എന്തിനെയും ഇവ ആഹാരമാക്കുമെന്ന് ചുരുക്കം. പ്രത്യേകിച്ച് പക്ഷികൾ മറ്റുജീവികളുടെ മുട്ടകൾ എന്നിവയാണ് ഈ പല്ലിയുടെ പ്രധാന ആഹാരം. 

അതിനാൽ ജോർജിയയിലെ സംരക്ഷിത ജീവികളായ ഗോഫർ ആമകൾക്കും, മുതലകൾക്കും, കാട്ടുക്കോഴികൾക്കുമെല്ലാം ഈ പല്ലികൾ ഭീഷണി ഉയർത്തുന്നുണ്ട്. പലതും വംശനാശ ഭീഷണിയിലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനെല്ലാം പുറമെ ഒരു പെൺ പല്ലിക്ക് വർഷത്തിൽ ഏകദേശം മുപ്പത്തിയഞ്ചോളം മുട്ടകൾ വരെ ഇടാൻ കഴിയും. ഇത് അവയുടെ എണ്ണം കൂട്ടുകയല്ലാതെ കുറയ്ക്കില്ല. മാത്രമല്ല, ഈ പല്ലികളെ ആഹാരമാക്കുന്ന അല്ലെങ്കിൽ ഇവയെ വേട്ടയാടുന്ന മറ്റു ജീവികൾ കുറവായതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. 

അതേസമയം, അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവ അതിവേഗം എത്താന്‍  സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, മനുഷ്യർക്ക് ഇവ നേരിട്ട് അപകടമുണ്ടാക്കുന്നില്ലെങ്കിലും ഇവയുടെ ശരീരത്തിലുള്ള മാരകമായ സാൽമൊണല്ല ബാക്ടീരിയകളും പരാദങ്ങളും കൃഷിയിടങ്ങളിൽ രോഗബാധ ഉണ്ടാക്കും. ഈ അധിനിവേശ ജീവിയെ തുടച്ചുനീക്കാൻ ജനങ്ങളും സഹകരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. സ്വന്തം ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകിടം മറിക്കാൻ പ്രാപ്തിയുള്ള ഈ ഭീമൻ ജീവിയെ കാണുന്നവർ ഉടൻ തന്നെ വൈൽഡ് ലൈഫ് ഹോട്ട്‌ലൈൻ നമ്പറിൽ അറിയിക്കണമെന്നും അമേരിക്കൻ വന്യജീവി വകുപ്പ് ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

The Argentine Black and White Tegu is an invasive species causing significant ecological damage in Florida and Georgia. Wildlife authorities urge public cooperation to identify and report these giant lizards to prevent further environmental disaster.